ഇതിനകം നിരീക്ഷണം പൂർത്തിയാക്കിയത് 20,062 പേർ
കോഴിക്കോട്: ജില്ലയിൽ ഇന്നലെ തമിഴ്‌നാട് സ്വദേശി ഉൾപ്പെടെ രണ്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 23 ആയി. ഇവരിൽ 11 പേർ രോഗമുക്തരായതാണ്. 12 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. രോഗം ബാധിച്ച 6 ഇതര ജില്ലക്കാരിൽ 4 പേർ രോഗമുക്തി നേടിയതാണ്. ഒരു മലപ്പുറം സ്വദേശിയും ഒരു കണ്ണൂർ സ്വദേശിയും ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ അഴിയൂർ സ്വദേശിയായ 33 കാരനാണ്. മാർച്ച് 20 ന് ദുബായിൽ നിന്നു നെടുമ്പാശേരി വഴിയെത്തിയ യുവാവ് വീട്ടിൽ നിരീക്ഷണണത്തിലായിരുന്നു. രണ്ടാമത്തെയാൾ കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള അഗതി മന്ദിരത്തിലെ അന്തേവാസിയായ 67 കാരനാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
ജില്ലയിൽ ഇന്നലെ 1,052 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 20,062 ആയി. നിലവിൽ 2,770 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ പുതുതായി വന്ന 15 പേർ ഉൾപ്പെടെ ആകെ 36 പേർ ആശുപത്രിയിലുണ്ട്. 7 പേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു.
ഇന്നലെ 24 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 771 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 745 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 715 എണ്ണം നെഗറ്റീവാണ്. ഇനി 26 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലാ പ്രോഗ്രാം ഓഫീസർമാർ ഇന്നലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 15 പേർക്ക് കൗൺസലിംഗ് നൽകി. കാക്കൂർ, കോടഞ്ചേരി പ്രദേശങ്ങളിൽ മൈക്ക് പ്രചാരണം നടത്തി.
പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത കോടഞ്ചേരിയിൽ പഞ്ചായത്ത് തലത്തിലും വാർഡ് തലങ്ങളിലും ജാഗ്രതാ സമിതി യോഗം ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി.
ചികിത്സയിൽ തുടരുന്നവർ
കോഴിക്കോട് 12
മലപ്പുറം1
കണ്ണൂർ 1
തമിഴ്‌നാട് 1