കോഴിക്കോട് : കൊവിഡ് വ്യാപനത്തിന്റെ ഭീഷണി ലോകമെമ്പാടും പടർന്നിരിക്കെ ബ്രിട്ടനിലെ നോട്ടിംഗ്ഹാമിൽ നിന്നു വിദഗ്ദ്ധ ചികിത്സ തേടി മലയാളി കോഴിക്കോട് ആസ്റ്റർ മിംസിലെത്തി. വടകര സ്വദേശിയായ യുവാവാണ് നിരവധി കടമ്പകൾ താണ്ടി ചാർട്ടേഡ് ഫ്‌ളൈറ്റിൽ കരിപ്പൂരിലിറങ്ങിയത്.

നോട്ടിംഗ്ഹാമിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ചു നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് അവിടെ ചികിത്സയിലായിരുന്നു. ഒരു വർഷം മുമ്പ് കോഴിക്കോട് ആസ്റ്റർ മിംസിലെ ഗ്യാസ്‌ട്രോ സർജറി വിഭാഗത്തിൽ നിന്ന് ചികിത്സ പൂർത്തിയാക്കി യു. കെ യിലേക്ക് മടങ്ങിയതാണ്. വീണ്ടും അസുഖ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സീനിയർ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ സർജൻ ഡോ. അഭിഷേക് രാജനെ ബന്ധപ്പെട്ടു. കൊവിഡ് 19 നിയന്ത്രണങ്ങളുള്ളതിനാൽ വിദേശത്തു നിന്ന് രോഗിയെ കേരളത്തിലെത്തിക്കുക എളുപ്പമായിരുന്നില്ല. ഇതിനായി കളക്ടറേറ്റുമായും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുമായും ബന്ധപ്പെട്ട് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് എത്തിയത്.