കൽപ്പറ്റ: ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് തിരുവനന്തപുരത്ത് നിന്നെത്തിയ അദ്ധ്യാപികയെയും രണ്ടു വയസുള്ള മകനെയും എക്സൈസ് സി.ഐയുടെ ഔദ്യോഗിക വാഹനത്തിൽ കോഴിക്കോട് നിന്ന് മുത്തങ്ങ അതിർത്തിവഴി കർണാടകയിലേക്ക് കടത്തിവിട്ട സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപിക കമ്‌ന ശർമ്മ (28), കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാൻ എന്നിവർക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നാർകോട്ടിക് ഡിവൈ.എസ്.പിയാണ് അദ്ധ്യാപികയ്ക്ക് യാത്രാ പാസ് നൽകിയത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നർകോട്ടിക് ഡിവൈ.എസ്.പിയ്ക്കെതിരെയും നടപടിയുണ്ടാവും.
അദ്ധ്യാപികയ്ക്കെതിരെയും സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള പറഞ്ഞു. ഡൽഹിയിലെത്താനാണ് അദ്ധ്യാപിക ഈ വഴി സ്വീകരിച്ചത്. തിരുവനന്തപുരത്ത് നിന്ന് എങ്ങനെ, ആരുടെ സഹായത്തോടെ കോഴിക്കോട്ടെത്തിയെന്ന് അന്വേഷിക്കുന്നുണ്ട്. ജില്ലാ പൊലീസ് ചീഫ് ആർ. ഇളങ്കോയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൽപ്പറ്റ ഡിവൈ.എസ്.പി ജോർജിനാണ് അന്വേഷണച്ചുമതല.
തിരുവനന്തപുരത്തെ നർകോട്ടിക് ഡിവൈ.എസ്.പി യാത്രാ പാസ് നൽകിയത് ക്രമവിരുദ്ധമായ നടപടിയാണെന്നും ജില്ല വിട്ട് പോകണമെങ്കിൽ കളക്ടറാണ് അനുമതിപത്രം നൽകേണ്ടതെന്നും കളക്ടർ ഡോ.അദീല അബ്ദുളള പറഞ്ഞു.
21ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ധ്യാപികയെയും മകനെയും കോഴിക്കോട് ജില്ലയിലെ അടിവാരത്ത് നിന്ന് എക്സൈസ് സി.ഐയുടെ ഔദ്യോഗിക വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. മുത്തങ്ങ ചെക്ക് പോസ്റ്റ് വരെ ഈ വാഹനത്തിലായിരുന്നു. ഉന്നതോദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും മക്കൾ ശിഷ്യരായുള്ള അദ്ധ്യാപിക ആ വഴിക്കുള്ള സ്വാധീനമുപയോഗിച്ചാണ് യാത്ര തിരിച്ചതെന്നാണ് വിവരം.