-m-k-raghavan

കോഴിക്കോട്: ഗൾഫ് രാജ്യങ്ങളുൾപ്പെടെ വിദേശത്തു നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് തടസ്സമായി മാറിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് എം.കെ രാഘവൻ എം.പി പ്രധാനമന്ത്രിക്ക് അയച്ച അടിയന്തര സന്ദേശത്തിൽ ആവശ്യപ്പെട്ടു.

വിവിധതലങ്ങളിലെ ഇടപെടലിനെ തുടർന്നാണ് ചരക്കുവിമാനങ്ങൾ മുഖേന മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാൻ അനുമതി ലഭിച്ചത്. എന്നാൽ കാർഗോ സർവീസ് സംബന്ധിച്ച വ്യവസ്ഥയിൽ മൃതദേഹങ്ങൾ എത്തിക്കുന്നത് പ്രത്യേകം പരാമർശിക്കാത്തതിനാൽ തടസ്സം നേരിടുകയാണ്.

കഴിഞ്ഞ ദിവസം ചെന്നൈ എയർപോർട്ടിലടക്കം അപരിഷ്‌കൃത നടപടികളാണ് കണ്ടത്. വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വിട്ടുനൽകിയില്ല. കുവൈത്തിൽ മരിച്ച കോഴിക്കോട് മണിയൂർ സ്വദേശി എം.വി. വിനോദിന്റെയും മാവേലിക്കര സ്വദേശി വർഗീസ് ഫിലിപ്പിന്റെയും മൃതദേഹങ്ങൾ ഖത്തർ എയർവേയ്സിന്റെ കാർഗോ വിമാനത്തിൽ എത്തിക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന കാരണം അവസാന നിമിഷം തടഞ്ഞു. മൃതദേഹങ്ങളോട് ആദരവ് കാട്ടുന്ന നമ്മുടെ സംസ്‌കാരത്തിന് തന്നെ എതിരാണ് ഈ സമീപനം.