2

പയ്യോളി: വീട്ടുവളപ്പിലെ ടാർ ഡ്രമ്മിൽ പാഴ്‌വസ്തുക്കൾ കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ അച്ഛനും മകനും ഗുരുതരമായി പരിക്കേറ്റു. കിഴൂർ പള്ളിക്കര റോഡിൽ പടിഞ്ഞാറെ കുന്നുംപുറത്ത് നാരായണൻ (60), മകൻ ബിജു (38) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. മഴവെള്ള സംഭരണിയോടു ചേർന്നുള്ള ടാർ ഡ്രമ്മിൽ തീയിട്ടതും വലിയ ശബ്ദത്തോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ കുളിമുറിയുടെ വാതിലും സ്‌ഫോടനത്തിൽ തകർന്നു. സ്‌ഫോടനത്തിനിടയാക്കിയ വസ്തു എന്തെന്ന് കണ്ടെത്തിയിട്ടില്ല.

പയ്യോളി എസ്‌.ഐ പി.എം. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. അശ്രദ്ധമായി സ്‌ഫോടകവസ്തു കൈകാര്യം ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്തതായി എസ്‌.ഐ പറഞ്ഞു.