കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ ശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച നാലു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണം നാടിന് നൊമ്പരമായി. ഇന്നലെ രാവിലെ ആറു മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
മലപ്പുറം മഞ്ചേരിയ്ക്കടുത്ത് പയ്യനാട് സ്വദേശി അഷ്റഫിന്റെ മകൾ നൈഹ ഫാത്തിമയാണ് മരിച്ചത്. ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന കുഞ്ഞിന് അപസ്മാരവും വളർച്ചക്കുറവിന്റെ പ്രശ്നവുമുണ്ടായിരുന്നു. 21ന് മാതൃ ശിശു കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിലാക്കുകയായിരുന്നു.
രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. മാതാപിതാക്കളുടെ പരിശോധനാഫലം അറിയാനുണ്ട്. അകന്ന ബന്ധുവിന് വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും നിരീക്ഷണത്തിലാണ്. ഇരു വീട്ടുകാരും പരസ്പരം ബന്ധപ്പെട്ടിട്ടുമില്ല.
മൃതദേഹം ഇന്നലെ വൈകിട്ട് 4ന് കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ കബറടക്കി. അഞ്ചടി നീളവും പത്തടി ആഴവുമുള്ള കുഴിയെടുത്ത് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ്. ഗോപകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു കബറടക്കം. കുട്ടിയുടെ പിതാവ് പി.പി.ഇ കിറ്റ് ധരിച്ച് പങ്കെടുത്തു.
തുടക്കം ശ്വാസതടസം
ഏപ്രിൽ 18: കുഞ്ഞിനെ പയ്യനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ന്യൂമോണിയ കണ്ടെത്തി. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും പ്രവേശിപ്പിച്ചത് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ
ഏപ്രിൽ 21: ഗുരുതരാവസ്ഥയിൽ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ കൊവിഡ് ഐസൊലേഷൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അന്നു തന്നെ കൊവിഡ് ടെസ്റ്റ് നടത്തി
ഏപ്രിൽ 22: പരിശോധനാ ഫലം പോസിറ്റീവ്
'നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടത്തി. ജന്മനാ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളും കുഞ്ഞിന് ഉണ്ടായിരുന്നു. വേർപാട് വേദനാജനകം".
- മുഖ്യമന്ത്രി പിണറായി വിജയൻ
മന്ത്രി കെ.കെ.ശൈലജ
'കുഞ്ഞിനെ രക്ഷിക്കാൻ സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. എവിടെ നിന്നാണ് കൊവിഡ് ബാധ ഉണ്ടായതെന്ന് ഇനിയും വ്യക്തമായിട്ടില്ല. വേർപാട് വേദനിപ്പിക്കുന്നു.
- മന്ത്രി കെ.കെ.ശൈലജ