vara

പരപ്പനങ്ങാടി: കൊവിഡ് കാലത്തെ അടച്ചിരിപ്പിന്റെ ഇടവേളകളിൽ വീടിന്റെ ചുറ്റുമതിലിൽ വർണ്ണവസന്തം തീർക്കുകയാണ് ഉള്ളണം മുണ്ടിയൻകാവിലെ വീട്ടമ്മയായ ബേബി ഗിരിജ. കുടുംബാംഗങ്ങളെല്ലാം വീട്ടിൽ ഒത്തുചേർന്നപ്പോൾ വീട്ടുജോലികൾ വേഗം തീർന്ന് സമയം ബാക്കിയായി. ഇതോടെ പേരമകളായ ശ്രീയക്കായി പഴയ ചിത്രഭ്രമം പൊടിതട്ടിയെടുത്തു. പശുവും ആടും കുരങ്ങനും മുയലും താറാവും ചുമരിൽ നിറയുമ്പോൾ കുഞ്ഞുശ്രീയയുടെ കണ്ണുകളിൽ വിസ്മയം.

ഉള്ളണത്തെ കിണർ പണിക്കാരനായ പാലിയക്കോട്ട് മുരളീധരൻ എന്ന ബാബുവിന്റെ ഭാര്യയാണ് ബേബി ഗിരിജ. എസ്.എസ്.എൽ.സി വരെയുള്ള പഠനകാലത്ത് അത്യാവശ്യം വരയ്ക്കാറുണ്ടായിരുന്നു. മക്കളായ മുബിനും വൈശാഖും കുഞ്ഞുങ്ങളായിരുന്നപ്പോൾ അവർക്കൊപ്പം വരയ്ക്കാൻ കൂടി. മക്കളുടെ പഠിപ്പിന്റെ ഭാഗമായുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിലും സഹായിച്ചിരുന്നു. പിന്നീടിപ്പോൾ പേരമകൾക്കായാണ് ബ്രഷെടുത്തത്. രണ്ടുദിവസം കൊണ്ട് ചിത്രങ്ങൾ വരച്ചുതീർത്തു.
ഭർത്താവ് മുരളീധരന് പക്ഷേ,​ ഈ കോവിഡ് കാലം നഷ്ടത്തിന്റേതാണ്. കിണറുപണി ധാരാളമായി നടക്കേണ്ട സമയമാണിത്. ലോക്ക് ഡൗൺ മേയ് മൂന്നിനു തന്നെ അവസാനിച്ചാൽ കുറച്ചെങ്കിലും പണിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മുരളീധരൻ