കൽപ്പറ്റ: അന്യസംസ്ഥാനങ്ങളിൽ നിന്ന് താളൂർ, ചീരാൽ, പാട്ടവയൽ എന്നീ പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ ജില്ലയിലേക്ക് ആളുകൾ കടന്നുവരുന്നത് തുടർന്നാൽ അതിർത്തി പഞ്ചായത്തുകളിലെ വാർഡുകൾ അടച്ചിടേണ്ടിവരുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

അതത് വാർഡുകളിൽ പുതുതായി ആളുകൾ എത്തിയാൽ ആ വിവരം പൊലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിക്കണം. രോഗവ്യാപനം തടയുന്നതിനായി വാർഡുകൾ അടയ്‌ക്കേണ്ട സ്ഥിതി വന്നാൽ പ്രദേശവാസികൾക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കും. നീരിക്ഷണം കർശനമാക്കുന്നതിനായി ഡ്രോൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് സബ് ഇൻസ്‌പെക്ടർമാരെ നിയോഗിച്ചിട്ടുമുണ്ട്.

വയനാട്ടിലേക്ക് ഊടുവഴികളിലൂടെ നുഴഞ്ഞുകയറിയ 118 പേരെ ഇതുരെ കണ്ടെത്തി. ഇവരെ കോവിഡ് കെയർ സെൻസറുകളിൽ ആക്കി.

യാത്രാ പാസ് അനുവദിക്കുന്നതിനായി ജില്ലാ പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. കോവിഡ് കെയർ കേരള എന്ന പേരിൽ മെബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിനാണ് ചുമതല.

ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നും കരിങ്കല്ല് കൊണ്ട് പോകുന്നവർ ഏത് പ്രവൃത്തിക്കാണ് ഇവ കൊണ്ട് പോകുന്നതെന്നും ആർക്ക് വേണ്ടിയെന്നും കാണിക്കുന്ന രേഖ കരുതേണ്ടതാണ്. വയനാട്ടിലെ ക്വാറികളിൽ നിന്നുള്ള വസ്തുക്കൾ മറ്റു ജില്ലയിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. ലൈഫ് വീടുകൾ, പ്രളയവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, പി.ഡബ്ല്യൂ.ഡി ജോലി​കൾ എന്നിവയ്ക്കാണ് മുൻഗണന.
മറ്റു ജില്ലകളിൽ ഹൗസ് സർജൻസ് കോഴ്സ് നടത്തുന്നവർക്ക് തിരിച്ച് ജില്ലയിലേക്ക് വരുന്നതിനു അനുമതി നൽകും. മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ നിന്നുള്ളവർക്ക് സ്വന്തം ജില്ലകളിലേക്ക് പോകുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും.
കുരങ്ങുപനിയുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഒരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആളുകൾ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമായി എടുക്കേണ്ടതാണന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു.

പഴുതടച്ച നിരീക്ഷണം
കർമ്മനിരതരായി ആരോഗ്യ പ്രവർത്തകർ
കൽപ്പറ്റ: ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രാമങ്ങൾ തോറും അക്ഷീണം പ്രവർത്തിക്കുകയാണ് ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ. ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഹെൽത്ത് സൂപ്പർവൈസർമാർ, ആശാവർക്കർമാർ എന്നിവരടങ്ങിയ വലിയൊരു നിരയാണ് ആരോഗ്യ വകുപ്പിൽ നിശബ്ദമായി പോരാട്ടത്തിലുള്ളത്.

ജില്ലയിലെ മുഴുവൻ വാർഡുകളിലും ഇവർ ഊർജ്ജിതമായ രോഗ പ്രതിരോധത്തിന് മുന്നിട്ടിറങ്ങുന്നു. പുറമെ നിന്നും വന്നവരെ നിരീക്ഷണത്തിലാക്കുന്നതിൽ തുടങ്ങി കോവിഡ് രോഗികളുടെ ആശുപത്രി അനന്തര പരിപാലനത്തിൽ വരെ ഇവരുടെ മേൽനോട്ടമുണ്ട്.

120 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 901 ആശാവർക്കർമാർ, 31 പബ്ലിക് ഹെൽത്ത് നഴ്സുമാർ, 32 ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രണ്ടു വീതം ഹെൽത്ത് സൂപ്പർവൈസർമാർ എന്നിവരടങ്ങിയ സേന മഹാമാരിക്കെതിരായ പോരാട്ടത്തിൽ കരുത്തുറ്റ സാന്നിദ്ധ്യ മാണ്.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ഓരോ ദിവസവും ശേഖരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് ഇവരുടെ നേതൃത്വത്തിലാണ്. കോളനികളിലെ ആരോഗ്യ പരിപാലനത്തിലും രംഗത്തുണ്ട്. പൊതുജനാരോഗ്യ നിയമങ്ങളുടെ ബോധവത്കരണവും ഇതോടൊപ്പം ഇവർ ഏറ്റെടുക്കുന്നു.

രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൗൺസിലിങ്ങ് നൽകി മാനസിക പിന്തുണ ഉറപ്പാക്കുന്നു. മറ്റ് അസുഖങ്ങൾ ഉള്ളവർക്ക് ആവശ്യമായ ചികിത്സ മുടങ്ങാതെ പി.എച്ച്.സി, സി.എച്ച്സി വഴി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ മരുന്ന് വീടുകളിൽ എത്തിച്ച് നൽകുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ആരോഗ്യ ശുചിത്വ സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങളും ഇവർ ഏറ്റെടുക്കുന്നു.
കൃത്യമായ വിവരശേഖരണവും പിന്തുടർച്ചയും ബോധവൽക്കരണവും ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന് സഹായകരമായി. അതിർത്തി ചെക്ക് പോസ്റ്റിൽ പൊലീസ്, ആരോഗ്യ പ്രവർത്തകർ, എക്‌സൈസ്, സന്നദ്ധ പ്രവർത്തകർക്കൊപ്പം ജില്ലയിലെ പതിനാല് ചെക്ക് പോസ്റ്റുകളിലും ഇരുപത്തി നാലു മണിക്കൂറും ഈ ആരോഗ്യ പ്രവർത്തകരുടെ സേവനമുണ്ട്.

വയനാട്ടി​ൽ 430 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി
കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിഞ്ഞ 430 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കിയതോടെ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കിയവരുടെ എണ്ണം ആകെ 12633 ആയി. ജില്ലയിൽ 29 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിട്ടുളളത്. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1178 ആണ്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 7 പേരാണ്. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച 317 സാമ്പിളുകളിൽ 283 എണ്ണത്തിന്റെ ഫലം ലഭിച്ചു. 280 എണ്ണം നെഗറ്റീവാണ്. 33 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1913 വാഹനങ്ങളിലായി എത്തിയ 3008 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗ ലക്ഷണങ്ങൾ കണ്ടി​ല്ല.