കൽപ്പറ്റ: ലോക്ക് ഡൗൺ സാഹചര്യത്തിൽ ജില്ലയിൽ വിവിധ സാഹചര്യങ്ങളിൽ കുടുങ്ങിയ നാലു വിദേശ പൗരന്മാർ ഇന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങും. സ്വിറ്റ്സർലണ്ട് സ്വദേശികളായ ലൂസിൻ മാരി മോഗ്രേ, ജോസീൻ ബീറ്റ്സ്, ക്രിസ്റ്റഫർ കേരേറ്റ്, ജർമ്മൻകാരിയായ ഗ്രേസി മാത്യൂ, എന്നിവരാണ് ജില്ലാ അധികൃതർ നൽകിയ സ്‌നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് വയനാട്ടിൽ നിന്ന് യാത്രയാവുന്നത്.
ജോസീൻ ബീറ്റ്സ് 53 ദിവസം മുമ്പാണ് ആയുർവേദ ചികിത്സയ്ക്കായി ജില്ലയിൽ എത്തിയത്. ലോക്ക് ഡൗൺ സാഹചര്യത്തിൽ ഒറ്റപ്പെടലിന്റെ ഭീതി തോന്നിപ്പിക്കാതെ ജില്ലാഭരണകൂടവും, പൊലീസും, ടൂറിസം വകുപ്പും നിരന്തരം ക്ഷേമാന്വേഷണം നടത്തിയതായി ജോസീൻ പറഞ്ഞു.
ക്രിസ്റ്റഫർ കേരേറ്റ് 55 ദിവസമായി ആയുർവേദ ചികിത്സയിലായിരുന്നു. ആരോഗ്യ സംബന്ധമായ കാര്യങ്ങൾ ജനമൈത്രി പൊലീസും ആരോഗ്യ പ്രവർത്തകരും അന്വേഷിക്കുകയുണ്ടായി.
31 വർഷമായി ജർമ്മനിയിൽ സ്ഥിര താമസക്കാരിയായ ഗ്രേസി മാത്യു അവധിക്ക് ജനുവരിയിൽ നാട്ടിൽ എത്തിയതായിരുന്നു. പ്രത്യേക വിമാനത്തിൽ ഇവർ നാട്ടിലേക്ക് മടങ്ങും.