അമ്പലവയൽ: കൊവിഡ് ബാധയുടെ ഭാഗമായി ടൗൺ വൃത്തിയാക്കിയതിന്റെ പേരിൽ ലക്ഷങ്ങൾ അഴിമതി നടന്നെന്ന് ആരോപിച്ച് അമ്പലവയൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകി.
അമ്പലവയൽ ടൗൺ ശുചീകരിച്ചതിന് ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത് 71580 രൂപയാണ്. എന്നാൽ ഇതിന് തൊഴിലാളികൾക്ക് നൽകിയത് 13000 രൂപയാണെന്ന് പഞ്ചായത്ത് അംഗം കെ.ഷമീർ നൽകിയ പരാതിയിൽ പറയുന്നു. കമ്യൂണിറ്റി കിച്ചന്റെ പേരിൽ പഞ്ചായത്ത് ചെലവഴിച്ചത് 58293 രൂപയാണെന്നും എന്നാൽ നാലുദിവസം മാത്രമാണ് കമ്യൂണിററി കിച്ചൺ പ്രവർത്തിച്ചതെന്നും ആകെ 1400ൽ താഴെ പൊതിച്ചോർ മാത്രമാണ് വിതരണം ചെയ്തതെന്നു പരാതിയിൽ പറയുന്നു.
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നോട്ടീസ് അടിച്ചതിന് 13500 രൂപ ചിലവഴിച്ചെന്ന് പറയുമ്പോൾ ആകെ വിതരണം ചെയ്തത് 50 നോട്ടീസാണ്. ടൗണിലെ പൊതുകിണർ ശുചീകരിച്ചതിന് 18000 രൂപ ചെലവഴിച്ചെന്നാണ് പഞ്ചായത്തിന്റെ കണക്ക്. എന്നാൽ ഇതിനായി ചിലവഴിച്ചത് 6000 രൂപ മാത്രമാണെന്നും കെ.ഷമീർ ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയൻ പറഞ്ഞു. അമ്പലവയൽ ടൗൺ മുഴുവൻ ശുചീകരിച്ചിതിനാണ് 71580 രൂപ ചിലവഴിച്ചത്. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അവർ പറഞ്ഞു.