azhiyur

വടകര: മൂന്നാമതൊരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച അഴിയൂരിൽ നിരീക്ഷണം ശക്തമാക്കി. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം എട്ടാം വാർഡിലെ (ചിറയിൽ പീടിക) റോഡുകൾ പൂർണമായും അടച്ചു. മോന്താൽ പാലവും അടച്ചു.

എട്ടാം വാർഡിലെ ജനങ്ങൾക്കായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരികളുമായി സഹകരിച്ച് ചോമ്പാൽ പൊലീസ് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തി. ഇതിനായി രണ്ട് വീതം വോളണ്ടിയർമാർക്കും വാഹനങ്ങൾക്കും പ്രത്യേക പാസ് നൽകും.

നാല്, അഞ്ച്, എട്ട് വാർഡുകളിലെ കടകൾ രാവിലെ എട്ട് മുതൽ 11 വരെയും മറ്റു വാർഡുകളിലേത് ഉച്ചയ്‌ക്ക് ഒന്നു വരെയും മാത്രമേ പ്രവർത്തിക്കാവൂ. വാഹന പരിശോധന കർശനമായി തുടരുകയാണ്. നിലവിൽ പോസിറ്റീവായ വ്യക്തിയുടെ വീട്ടിലെ ആറു പേരെയും ദുബായിൽ നിന്ന് വന്ന എട്ടു പേരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കും. റാപ്പിഡ് ടെസ്റ്റ് കിറ്റ് പഞ്ചായത്തിന് ലഭ്യമാക്കാൻ ശ്രമിക്കുന്നുമുണ്ട്.

പുറത്തുനിന്നുള്ളവരെ പഞ്ചായത്തിലേക്ക് പ്രവേശിപ്പിക്കില്ല. കളക്ടറുടെ പാസില്ലാതെ പഞ്ചായത്ത് പരിധിയിൽ പുതുതായി ആരെയും താമസിപ്പിക്കില്ല. നാല്, അഞ്ച്, എട്ട് വാർഡുകളിലെ ജനങ്ങൾ പുറത്തു പോകരുതെന്നും പഞ്ചായത്ത് ബോർഡ് യോഗം അഭ്യർത്ഥിച്ചു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ചോമ്പാല എസ്.ഐ എം.എം. വിശ്വനാഥൻ. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.എച്ച്. സജീവൻ, റേഷനിംഗ് ഇൻസ്‌പെക്ടർ കെ.പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.