കോഴിക്കോട്: വിശ്വാസികൾക്ക് ഇത് പതിവുരീതികളെല്ലാം മാറിയ ആദ്യ നോമ്പുകാലം. പള്ളിയിലെ ഒരുമിച്ചു ചേരലുകളില്ല. വൈകിട്ടുള്ള ഇഫ്താറുമില്ല.
വെള്ളിയാഴ്ച തന്നെ റമസാൻ ഒന്നായി എന്ന പ്രത്യേകതയുണ്ട് ഇത്തവണ. വിശ്വാസത്തിനൊപ്പം ചേർന്നുനിന്ന് ആതിജീവനത്തിന്റേത് കൂടിയാവുകയാണ് ഈ പുണ്യകാലം.
ഖുർ ആൻ വചനങ്ങൾ നിറഞ്ഞു നിന്നിരുന്ന ആരാധനാലയങ്ങൾ വിജനമാണ്. ആദ്യ വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരങ്ങളില്ല. പള്ളികളിൽ തറാവീഹ് നമസ്കാരമുൾപ്പെടെ കൂട്ടായ പ്രാർത്ഥനകളേതുമില്ല.
രോഗം വരാതെ നോക്കിയും രോഗത്തിൽ നിന്ന് അകന്നുമാറിയും സാമൂഹ്യസുരക്ഷ ഉറപ്പാക്കണമെന്ന പ്രവാചക വചനം ജീവിതത്തിൽ പകർത്തുകയാണ് വിശ്വാസികൾ. മുഴുവൻ മതസംഘടനകളും ആത്മീയനേതാക്കളും ഒരുമിച്ചെടുത്ത തീരുമാനം സംസ്ഥാനത്തിന്റെ നയമായി സർക്കാർ പ്രഖ്യാപിച്ചപ്പോൾ കൂട്ടായ്മയുടെ വിജയത്തിലേയ്ക്കാണ് റംസാൻ പിറന്നത്.
വീടുകളിൽ ഖുർആൻ പാരായണം ചെയ്തും നമസ്കാരങ്ങൾ നിർവഹിച്ചും പ്രാർത്ഥനകളിൽ മുഴുകിയും റംസാൻകാലം വിശ്വാസലോകം അർത്ഥപൂർണമാക്കുന്നു. കുടുംബാംഗങ്ങൾ മാത്രമുള്ള നോമ്പുതുറകളാവും ഈ റംസാനിലുണ്ടാവുക. അവശ്യസാധനങ്ങൾ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളെല്ലാം സർക്കാരിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം റംസാൻ റിലീഫ് കിറ്റുകൾ ജാതിമതഭേദമന്യേ എത്തിച്ചു നൽകി വിവിധ സംഘടനകളും കൂട്ടായ്മകളും രംഗത്തുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലും സാമൂഹിക അകലവും ആരോഗ്യജാഗ്രതയും സന്നദ്ധസേവകർ ഉറപ്പാക്കുന്നു.