കൽപ്പറ്റ: ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് മാനന്തവാടി ഗവ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുപ്പൈനാട് സ്വദേശി ആശുപത്രി വിട്ടു. ഇരുപത്തിയെട്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജില്ലയിൽ മൂന്ന് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ട് പേർ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.
ജില്ലയിൽ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഇരുപത്തിയെട്ട് ദിവസമാണ് കടന്നു പോയത്. ശനിയാഴ്ച്ച 122 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കിയതോടെ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കിയവരുടെ എണ്ണം ആകെ 12755 ആയി.
ജില്ലയിൽ 32 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിട്ടുളളത്. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1088 ആണ്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 8 പേരാണ്. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച 316 സാമ്പിളുകളിൽ 301 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 298 എണ്ണം നെഗറ്റീവാണ്. 14 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.