കൽപ്പറ്റ: ജില്ലയിലേക്കെത്തുന്ന അന്തർസംസ്ഥാന ചരക്ക് ലോറികൾ ഇനി അതിർത്തി കടക്കും വരെ പൊലീസ് നിരീക്ഷണത്തിൽ. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ വികസിപ്പിച്ച കോവിഡ് കെയർ കേരള മൊബൈൽ ആപ്പിലൂടെയാണ് ചരക്ക് വാഹനങ്ങളെ നിരീക്ഷിക്കുക. ആപ്പ് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കോവിഡ് 19 രോഗ പശ്ചാത്തലത്തിൽ ജില്ലയിലൂടെ അതിർത്തി കടക്കുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർ കൃത്യമായി നിരീക്ഷണത്തിലാവാനും ഇത്തരത്തിൽ വാഹനങ്ങളിൽ എത്തുന്നവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനാവശ്യമായി സമയം ചെലവഴിക്കുന്നത് തടയുന്നതിനും ആപ്പിലൂടെ സാധിക്കും. അവശ്യവസ്തുക്കളുടെ മറവിൽ മയക്ക് മരുന്നുകൾ എത്തിക്കുന്നത് തടയുന്നതിനുമാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ആപ്പ് വികസിപ്പിച്ചത്.
ചരക്ക് വാഹനങ്ങൾ ജില്ലാ അതിർത്തിയിൽ പരിശോധിച്ച് വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ, ഫേട്ടോ, ഡ്രൈവറുടെ ഫോട്ടോ, സഹയാത്രക്കാരന്റെ ഫേട്ടോ എന്നിവ ആപ്പിൽ രേഖപ്പെടുത്തും. ഇവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുള്ള സമയം, യാത്രയ്ക്കിടയിൽ വിശ്രമത്തിന് ആവശ്യമായ സമയം എന്നിവ ക്രമീകരിച്ച് രേഖപ്പെടുത്തും. പൊലീസ് രേഖപ്പെടുത്തിയ സമയത്തിനുള്ളിൽ വാഹനം എത്തിയില്ലെങ്കിൽ മേട്ടോർ വാഹന വകുപ്പ് വാഹനമുള്ള സ്ഥലത്തെത്തി പരിശോധന നടത്തി വാഹന സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ അതിന് ആവശ്യമായ എല്ലാ സഹയങ്ങളും നൽകുകയും അസ്വാഭാവികത ഉണ്ടെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ജില്ലാ സംസ്ഥാന അതിർത്തികളിൽ വർക്ക് ഷോപ്പുകൾ സ്ഥാപിച്ച് വാഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞു.
(ചിത്രം)