theyyam

കുറ്റ്യാടി: കൊവിഡിന്റെ വരവോടെ ഇത്തവണ തിറയുത്സവങ്ങൾ പകുതിയിലേറെയും ഒഴിവായതിന്റെ ആഘാതം കുറച്ചൊന്നുമല്ല കലാകാരന്മാർക്ക്. ഇനി അടുത്ത തെയ്യക്കാലത്തിനായുള്ള നീണ്ട കാത്തിരിപ്പ്.

ചമയമൊരുക്കൽ വിദഗ്ദ്ധൻ കൂടിയായ തെയ്യം കലാകാരൻ ചങ്ങരംകുളം പൂവ്വത്താക്കണ്ടി കുഞ്ഞിരാമ പണിക്കരും പ്രതീക്ഷ കൈവിടുന്നില്ല. അടുത്ത സീസണിലേക്കുള്ള ചമയങ്ങൾ ഒരുക്കുന്ന പണിയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു ഇദ്ദേഹം. അൻപതോളം വർഷത്തെ കലാജീവിതത്തിനിടയിൽ ഇത്രയും പ്രയാസകരമായ ഒരു കാലമുണ്ടായിട്ടില്ലെന്ന് കുഞ്ഞിരാമ പണിക്കർ പറയുന്നു.

തെയ്യം, തിറ സീസണായാൽ കോഴിക്കോട് വിട്ട് കണ്ണൂർ, കാസർകോട് ജില്ലകളും കടന്ന് കർണാടകയിലുമെത്താറുണ്ട് പണിക്കർ. പലയിടത്തേക്കുമുള്ള തെയ്യച്ചമയങ്ങൾ ഇദ്ദേഹത്തിന്റെ കരവിരുതിൽ രൂപം കൊള്ളുന്നവയാണ്. ഈ വർഷം കുറച്ചു ക്ഷേത്രങ്ങളിൽ മാത്രമെ എത്താനായുള്ളൂ. അപ്പോഴേക്കും മഹാമാരിയുടെ വരവായി. ഓർഡർ പ്രകാരം ഒരുക്കി വെച്ച ചമയങ്ങൾ വാങ്ങാൻ പോലും ആർക്കുമെത്താനായില്ല.

അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടനയിൽ അംഗമാണ് ഇദ്ദേഹം. പൂവ്വത്താക്കണ്ടി കേളപ്പൻ പണിക്കരുടെ മകനാണ് കുഞ്ഞിരാമൻ പണിക്കർ. ഭാര്യ ചന്ദ്രി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും കലാകാരനുമായ ഷൈജു മകനാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ഓണറേറിയം ഷൈജു സംഭാവനയായി നൽകിയിരുന്നു.