കോഴിക്കോട്: കോഴിക്കോട് - മലപ്പുറം അതിർത്തിയിൽ മുക്കം മേഖലയിലെ ഉപറോഡുകൾ പൊലീസ് കരിങ്കല്ലിട്ട് അടച്ചു. ഹൈവേയിലെ കടമ്പ കടക്കാൻ പലരും ബദൽമാർഗം ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് മുക്കം പൊലീസ് കഴിഞ്ഞ ദിവസം രാത്രി വഴിയടക്കൽ നടപടിയിലേക്ക് തിരിഞ്ഞത്.

രാത്രി പൊലീസിന് കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് റോഡുകൾ അടച്ചതെന്ന് പൊലീസ് പറയുന്നു. രാത്രി ഏഴു മണിയോടെ ഉപറോഡുകളിലെ നിരീക്ഷണം അവസാനിപ്പിക്കുന്നുണ്ട്. ഈ പഴുത് മുതലെടുത്ത് പലരും ജില്ലാ അതിർത്തി കടക്കുന്നതായി ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ വഴിയടക്കാൻ നിർബന്ധിതമാവുകയായിരുന്നു.

വാലില്ലാപുഴ - പുതിയനിടം റോഡ്, തേക്കിൻചുവട് - തോട്ടുമുക്കം റോഡ്, പഴംപറമ്പ് - തോട്ടുമുക്കം എടക്കാട് റോഡ്, പനംപിലാവ് - തോട്ടുമുക്കം റോഡ് എന്നിവയാണ് അടച്ചത്.

എന്നാൽ പ്രധാന റോഡുകളൊന്നും അടച്ചിട്ടില്ല. അതിർത്തി ചെക്ക്‌ പോസ്റ്റുകളിലെ സ്‌ക്വാഡിൽ ഒരു ആരോഗ്യപ്രവർത്തകനെ കൂടി നിയോഗിക്കാൻ ജില്ലാ കളക്ടർ സാംബശിവ റാവു നിർദ്ദേശിച്ചിട്ടുണ്ട്.