കൽപ്പറ്റ: തിരുനെല്ലി പഞ്ചായത്തിലെ അതിർത്തി ചെക്ക് പോസ്റ്റായ ബാവലിയിൽ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ സന്ദർശനം നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ബാവലിയിൽ എത്തിയത്. ചെക്ക് പോസ്റ്റുകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപികമാർ, ആശ വർക്കർമാർ, ആരോഗ്യ വകുപ്പ്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
തിരുനെല്ലി പഞ്ചായത്തിൽ കുരങ്ങു പനി കൂടുന്ന സാഹചര്യത്തിൽ മേഖലയിൽ നടത്തുന്ന പ്രതിരോധ നടപടികളെക്കുറിച്ച് മന്ത്രി പഞ്ചായത്ത് പ്രസിഡന്റിനോട് അന്വേഷിച്ചു. വനാതിർത്തിയോട് ചേർന്നുളളവർക്ക് നിർബന്ധമായും മൂന്ന് തവണ വാക്സിനേഷൻ കുത്തിവെയ്പ്പ് നടത്തണമെന്ന് നിർദ്ദേശം നൽകി. ജാഗ്രത നടപടികളില്ലാതെ ആരെയും വനത്തിൽ യാതൊരു കാരണവശാലും പ്രവേശിപ്പിക്കരുത്. കരുതൽ നടപടികൾ സ്വീകരിക്കാത്ത പക്ഷം കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. സബ് കലക്ടറുടെ അദ്ധ്യക്ഷതയിൽ ഫോറസ്റ്റ്, ഹെൽത്ത്, പഞ്ചായത്ത്, പൊലീസ് എന്നിവരുടെ സഹായത്തോടെ പ്രതിരോധ നടപടികൾ അവലോകനം ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഒ.ആർ.കേളു എം.എൽ.എ, ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മായാദേവി, സബ് കലക്ടർ വികൽപ് ഭരദ്വാജ്, ഡി.എഫ്.ഒ രമേഷ് ബിഷ്‌നോയ്, ജില്ലാ ട്രാൻസ്‌പോർട്ട് മേധാവി എം.പി.ജെയിംസ്, തഹസിൽദാർ എൻ.ഐ ഷാജു തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.