സുൽത്താൻ ബത്തേരി: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് കടപൂട്ടി സീൽചെയ്തു. സുൽത്താൻ ബത്തേരി നഗരസഭ പഴയ ബസ് സ്റ്റാന്റിൽ സ്റ്റേഷനറി സാധനങ്ങൾ വിൽപ്പന നടത്തുന്ന പള്ളിക്കണ്ടിയിൽ ഇസ്ഹാഖ് മൂപ്പന്റെ കടയാണ് അടച്ചുപൂട്ടി കടയുടെ ലൈസൻസ് റദ്ദ് ചെയ്തത്.
നിരോധിച്ച പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകൾ കടയിൽ നിന്ന്‌ പൊലീസ് പിടിച്ചെടുത്ത സാഹചര്യത്തിലാണ് നഗരസഭ കടയുടെ ലൈസൻസ് റദ്ദ് ചെയ്തത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബത്തേരി പൊലീസ് കട റെയ്ഡ് ചെയ്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരവും, കോട്ട്പ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

പൊലീസ് നഗരസഭയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ഹെൽത്ത് വിഭാഗം പൊലീസ് സഹായത്തോടെ കട അടച്ചു പൂട്ടി സീൽ ചെയ്തത്.
നിരോധിത പുകില ഉൽപ്പന്നങ്ങൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസിൽ ഇയാൾക്കെതിരെ അഞ്ചോളം കേസുകൾ രജിസ്റ്റർ നിലവിലുണ്ട്. 107 സി.ആർ.പി.സി വകുപ്പ് പ്രകാരം നല്ലനടപ്പിന്‌ കേസ് ഉണ്ടെങ്കിലും പുകയില ഉൽപ്പന്നങ്ങൾ സംഭരിച്ച് കച്ചവടം നടത്തിവന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നഗരസഭ ചെയർമാൻ ടി.എൽ.സാബു, നഗരസഭ സെക്രട്ടറി അലി അസ്ഹർ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്.സന്തോഷ്‌കുമാർ, ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ എ. ഡി.സുനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് കടപൂട്ടി സീൽ ചെയ്തത്.