വില്യാപ്പള്ളി: അന്യസംസ്ഥാന തൊഴിലാളികൾക്ക് റംസാൻ നോമ്പുതുറ സൗകര്യം ഒരുക്കി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്. ലോക്ക് ഡൗണിനെ തുടർന്ന് 35ഓളം തൊഴിലാളികൾ മോശമായ സാഹചര്യത്തിൽ കഴിയുന്നത് ശ്രദ്ധയിൽപെട്ട ഗ്രാമപഞ്ചായത്ത് അധികൃതർ ഇവരെ എം.സി.എം.യു പി സ്‌കൂളിലേക്ക് മാറ്റിയിരുന്നു. ഒരു മാസമായി സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് സപോൺസർ ചെയ്യുന്നവരാണ് തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങളും നൽകിയിരുന്നത്. തൊഴിലാളികളിൽ പലർക്കും റംസാൻ വ്രതമെടുക്കാൻ താല്പര്യമുണ്ടെങ്കിലും നോമ്പ് തുറ സാധനങ്ങൾ കിട്ടുമോ എന്ന ആശങ്കയിലായിരുന്നു. ഇതു മനസിലാക്കി കമ്മ്യൂണിറ്റി കിച്ചന്റെ മേൽനോട്ടം വഹിക്കുന്ന സ്ഥിരം സമിതി അദ്ധ്യക്ഷൻ കൃഷ്ണൻ കൊടക്കലാണ്ടി മുസ്ലിം ജമാഅത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് മേൽനോട്ടം വഹിക്കുന്ന ബാബു തട്ടാറത്ത് മുഴുവൻ സമയവും ക്യാമ്പിലുണ്ട് .