കോഴിക്കോട്: സ്പ്രിൻക്ലർ ഇടപാടിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെയും സ്വാധീനിച്ച് കൂടെ നിറുത്തിയിരിക്കുകയാണെന്ന് കെ.മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യാന്തര കരാറെന്ന നിലയിൽ ഈ ഇടപാടിനെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് എം.ടി.രമേശ് ആവശ്യപ്പെട്ടപ്പോൾ വിജിലൻസ് അന്വേഷണം മതിയെന്ന പക്ഷമാണ് കെ.സുരേന്ദ്രന്. ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തെത്തിയ സുരേന്ദ്രനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രതിപക്ഷത്തിന്റെ വിജയമാണ്. രണ്ടു ലക്ഷം പേരുടെ ഡേറ്റ കൈകാര്യം ചെയ്യാൻ സംസ്ഥാനത്തിനു കഴിവില്ലേ എന്ന കോടതിയുടെ ചോദ്യം സർക്കാരിനു നാണക്കേടാണ്. ഐ.ടി സെക്രട്ടറി ഇത്രയും കാലം എന്താണ് ചെയ്തത്?.സി.പി.ഐ സെക്രട്ടറിയെ കാണാൻ പാർട്ടി ഓഫീസിൽ ചെന്നത് അതിലും വലിയ നാണക്കേട്. ആരോപണവിധേയനായ ഐ.ടി സെക്രട്ടറി തൽസ്ഥാനമൊഴിയണമെന്നും കെ.മുരളീധരൻ പറഞ്ഞു.