ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 1,084 പേർ
കോഴിക്കോട്: ജില്ലയിൽ ഇന്നലെയും കൊവിഡ് 19 പോസിറ്റീവ് കേസ് ഒഴിവായതിന്റെ ആശ്വാസം. 157 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു.
ഇതോടെ നിരീക്ഷണ കാലയളവ് പിന്നിട്ടവരുടെ ആകെ എണ്ണം 21,822 ആയി. 1,084 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി വന്ന 13 പേർ ഉൾപ്പെടെ ആകെ 50 പേരാണ് ആശുപത്രിയിലുള്ളത്. 21 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ഇതിനകം റിപ്പോർട്ട് ചെയ്ത 24 കേസുകളിൽ 13 പേർ രോഗമുക്തരായതിനാൽ 11 പേരാണ് ചികിത്സയിൽ തുടരുന്നത്. രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഇതര ജില്ലക്കാർ എല്ലാവരും ഡിസ്ചാർജായി.
ഇന്നലെ 43 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 855 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 811 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 781 എണ്ണം നെഗറ്റീവാണ്. 44 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 17 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. 244 പേർക്ക് ഫോണിലൂടെയും സേവനം നൽകി. 3,111 സന്നദ്ധസേന പ്രവർത്തകർ 8,448 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ അവലോകന യോഗത്തിൽ ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പൊലീസ് മേധാവി എന്നിവർ പങ്കെടുത്തു.