ഉണ്ണികുളം: വിനോദവും വിജ്ഞാനവുമായി പലരും ലോക്ക് ഡൗൺ കാലം തള്ളിനീക്കുമ്പോൾ കരകൗശല നിർമ്മാണത്തിൽ തന്റേതായ കൈയൊപ്പ് ചാർത്തുകയാണ് ഉണ്ണികുളം സ്വദേശിയും ബാലുശ്ശേരി പഴശ്ശി രാജ യൂണിവേഴ്സൽ പബ്ലിക് സ്കൂളിലെ കായിക അദ്ധ്യാപകനുമായ മിഥുൻ വിശ്വനാഥ്. പരിസരങ്ങളിൽ നിന്ന് ശേഖരിച്ച കുപ്പികൾ പാഴ് വസ്തുക്കൾ എന്നിവയിലാണ് കലാശിൽപ്പങ്ങൾ പിറവിയെടുക്കുന്നത്. ഒറ്റനോട്ടത്തിൽ കുപ്പിയാണെന്ന് തോന്നുകയേയില്ല, അത്രയ്ക്ക് മനോഹരമാണ് ഓരോ നിർമ്മിതിയും. സുഹൃത്തുക്കളായ ശ്യാമും സബിൻലാലും എന്നും കൂടെയുണ്ട്. ഗ്രാമഫോൺ, പഴയ ടെലിഫോൺ, ഹാർമോണിയം, തെയ്യം, കഥകളി, പീരങ്കി, വയലിൻ, ഗിറ്റാർ തുടങ്ങിയവ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു.