പേരാമ്പ്ര: ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് സ്വകാര്യ കമ്പനിക്ക് അനുമതി നൽകാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ എം.പിമാരായ എം.കെ.രാഘവനും കെ. മുരളീധരനും നിവേദനം നൽകി. നേരത്തെ നൽകിയ പാരിസ്ഥിതികാനുമതി ശക്തമായ ജനകീയ സമരത്തിന്റെയും നിയമ നടപടികളുടെയും ഫലമായി മരവിപ്പിച്ചിരുന്നു. എന്നാൽ കമ്പനി വീണ്ടും നൽകിയ അപേക്ഷ പരിഗണിച്ച് സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിലെ രണ്ടംഗ സംഘം ചെങ്ങോടുമല സന്ദർശിക്കുകയും റിപ്പോർട്ട് സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിക്ക് സമർപ്പിച്ചിരിക്കുകയുമാണ്. ഖനനത്തിന് അനുമതി ലഭിച്ചാൽ അതിനെ ചോദ്യം ചെയ്യാൻ 30 ദിവസമാണുള്ളത്. എന്നാൽ കോടതി അവധിയായതിനാൽ ഈ അവസരം സമരസമിതിക്ക് ലഭിക്കില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. എം. പിമാർ ഇതു സംബന്ധിച്ച് കത്തയക്കുമെന്നും സ്ഥലം സന്ദർശിക്കാമെന്നും ഉറപ്പ് തന്നതായി സമരസമിതി പ്രവർത്തകരായ കല്പകശ്ശേരി ജയരാജൻ, എൻ. കെ. മധുസൂദനൻ എന്നിവർ അറിയിച്ചു.