കുറ്റ്യാടി: പാതിരിപ്പറ്റ മീത്തൽ വയലിൽ വീട്ടുവളപ്പിൽ നിന്നു ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് കണ്ടെടുത്തു.
പരേതനായ കുനിയിൽ ചാത്തു മാസ്റ്ററുടെ വീടിന്റെ പിൻവശത്തെ നടവഴിയോട് ചേർന്നാണ് ചാക്കുനൂല് കൊണ്ടു വരിഞ്ഞു കെട്ടിയ നാടൻ ബോംബ് കണ്ടെത്തിയത്. ഇതിന് അധികം പഴക്കമില്ല.
മാസ്റ്ററുടെ മകൻ പശുവിനെ മാറ്റിക്കെട്ടുന്നിതിനിടയിൽ ബോംബ് ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ കുറ്റ്യാടി പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് സംഘമെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്കെത്തിയിരുന്നു. കാഠിന്യം കുടുതലുള്ള ഇനം ബോംബായതിനാൽ നിർവീര്യമാക്കുന്നതിനായി ചേലക്കാട് കരിങ്കൽ ക്വാറിയിലേക്ക് മാറ്റി.
പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാത്ത മീത്തൽവയൽ പ്രദേശത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ബോംബ് കണ്ടെടുത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് മീത്തൽവയൽ കമ്മിറ്റി ആവശ്യപ്പെട്ടു.