lock-down-

കോഴിക്കോട്: 'മാവ് പൂക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന പഴഞ്ചൊല്ല് പോലെയാണ് നാടും നാട്ടുകാരും. ലോക്ക് ഡൗൺ ഒരു മാസം പിന്നിടുമ്പോൾ അന്തരീക്ഷം തെളിഞ്ഞിട്ടും ശുദ്ധവായു ശ്വസിക്കാൻ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് മനുഷ്യർ. ഇനി ഇറങ്ങിയാൽ തന്നെ മുഖാവരണം നിർബന്ധവും. വ്യവസായ സ്ഥാപനങ്ങൾ പൂട്ടിയതും വാഹനങ്ങൾ കുറഞ്ഞതും നഗരത്തെയും നാട്ടിൻ പുറങ്ങളെയും തെല്ലൊന്നുമല്ല മാലിന്യ മുക്തമാക്കിയത്. കോഴിക്കോട് നഗരത്തിലെ അന്തരീക്ഷ മലീനകരണ തോത് 76 ശതമാനത്തിൽ നിന്ന് 53 ആയി കുറഞ്ഞു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കല്ലായ്, കോരപ്പുഴ, ചാലിയാർ പുഴകളുടെ 'കറുത്ത കാലം' വിസ്മൃതിയിലായി. പുഴകളെല്ലാം തെളിഞ്ഞ് ഒഴുകുകയാണ്. കാലം തെറ്റി പെയ്യുന്ന വേനൽമഴയെന്ന അപവാദവും ഇല്ലാതായി ഈ കൊവിഡ് കാലത്ത്.