1

കോഴിക്കോട്: കൊവിഡ് വ്യാപനം തടയാൻ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി, ഐ.സി.എം.ആർ ഡയറക്ടർ ജനറൽ എന്നിവർക്ക് അയച്ച കത്തിൽ എം.കെ.രാഘവൻ എം.പി ആവശ്യപ്പെട്ടു. 'മെയ്ക്ക് ഇൻ ഇന്ത്യ'യുടെ ഭാഗമായി രാജ്യത്തെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ടെസ്റ്റിംഗ് കിറ്റുകൾക്ക് ഐ.സി.എം.ആർ അംഗീകാരം നൽകണം.

ശ്രീ ചിത്തിര തിരുന്നാൾ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി എന്നിവിടങ്ങളിൽ വികസിപ്പിച്ചെടുത്ത ടെസ്റ്റിംഗ് കിറ്റുകൾ അംഗീകാരം കിട്ടാത്തതിനാൽ ഉപയോഗ ശൂന്യമായിരിക്കുകയാണ്.

വിദേശത്തു നിന്ന് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തിക്കുക ഭാരിച്ച സാമ്പത്തിക ബാധ്യതയായതിനാൽ തദ്ദേശീയമായി വികസിപ്പിച്ച കിറ്റുകൾ ഉപയോഗപ്രദമാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.