കൽപ്പറ്റ: തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയനാട്ടിൽ നിന്നുള്ള ഇഞ്ചി കർഷകരെ തിരികെ കൊണ്ടുവരുന്നതിന് സർക്കാരിന്റെ അനുമതി തേടുമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സർക്കാർ ഉത്തരവ് ലഭ്യമായാൽ അതാത് ജില്ലാ കളക്ടർമാരുടെ അനുമതിയോടെയാകും പ്രവേശനം അനുവദിക്കുക.
പാസിനുള്ള അപേക്ഷ വെബ്‌സൈറ്റ് മുഖേനയോ ഇമെയിൽ വഴിയോ സ്വീകരിക്കും.
ജില്ലയിലേക്ക് പ്രവേശനം ലഭിക്കുന്നവർ കോവിഡ് കെയർ സെന്ററിൽ ക്വാറന്റയിനിൽ കഴിയേണ്ടതാണ്. സർക്കാർ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കും.
ലോക്ക് ഡൗൺ ഇളവ് അനുവദിച്ച ശേഷം തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികളെ കൊവിഡ് പ്രതിരോധ സാമഗ്രികൾ ഇല്ലാതെ ജോലി എടുപ്പിച്ചാൽ മേസ്തിരിമാർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തൊഴിൽ ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കണം.
ലോക്ക് ഡൗൺ ഇളവ് അനുവദിച്ച സാഹചര്യത്തിൽ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കച്ചവട സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ആളുകൾ ഇടകലരുന്നത് രോഗ വ്യാപനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. പ്രായം കൂടിയവരുടെയും കുട്ടികളുടെയും മറ്റ് രോഗങ്ങൾ ഉള്ളവരുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കും.
മറ്റ് ജില്ലകളിൽ കഴിയുന്ന
ഗർഭിണികൾക്കും കുട്ടികൾക്കും പ്രവേശനം
രക്ഷിതാക്കളിൽ നിന്ന് അകന്ന് മറ്റു ജില്ലകളിൽ കഴിയുന്ന കുട്ടികളെയും ഗർഭിണികളെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകാൻ കളക്ട്രേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. ഇങ്ങനെയുള്ളവരെ ജില്ലാ അതിർത്തിയിൽ തടയില്ല.
കാലവർഷത്തെ നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും തീരുമാനിച്ചു.
യോഗത്തിൽ എം.എൽ.എമാരായ ഐ.സി.ബാലകൃഷ്ണൻ, സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ,ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടർ കെ.അജീഷ് തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രം)
ജില്ലയിൽ 56 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി
കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിഞ്ഞ 56 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കിയവരുടെ എണ്ണം 12920 ആയി. തിങ്കളാഴ്ച പുതുതായി 7 പേരെ നിരീക്ഷണത്തിലാക്കിടിട്ടുണ്ട്. നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 978 പേരാണ്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 341 സാമ്പിളുകളിൽ 338 എണ്ണത്തിന്റെ ഫലം ലഭിച്ചു.335 എണ്ണം നെഗറ്റീവാണ്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 2054 വാഹനങ്ങളിലായി എത്തിയ 3314 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.