covid

കോഴിക്കോട്: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് പേർ കൂടി ഇന്നലെ രോഗമുക്തരായി. ഏറാമല സ്വദേശിയും എടച്ചേരി സ്വദേശികളായ രണ്ടു പേരും അഴിയൂർ സ്വദേശിയുമാണ് രോഗമുക്തരായത്. ഇതോടെ കോഴിക്കോട്ട് രോഗമുക്തി നേടിയവരുടെ എണ്ണം 17 ആയി. തമിഴ്‌നാട് സ്വദേശിയുൾപ്പെടെ ഏഴ് പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. കൂടാതെ കണ്ണൂർ സ്വദേശിയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.

ജില്ലയിൽ ഇന്നലെ 143 പേർ കൂടി വീടുകളിലെ നിരീക്ഷണം പൂർത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 21,965 ആയി. 1019 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ഇന്നലെ പുതുതായി വന്ന 26 പേരുൾപ്പെടെ 58 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.

ഇന്നലെ 28 സ്രവ സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. 883 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചതിൽ 840 എണ്ണത്തിന്റെ ഫലം ലഭിച്ചു. 810 എണ്ണം നെഗറ്റീവാണ്. 43 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കൊറോണ കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി.

മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 21 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. 97 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നൽകി. 3186 സന്നദ്ധ സേന പ്രവർത്തകർ 10558 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.

ജില്ലയിലെ ഇപ്പോഴത്തെ കണക്ക് ഇങ്ങനെ

കൊവിഡ് ചികിത്സയിലുള്ലത് - 7 പേർ

 രോഗ മുക്തി നേടിയവർ- 17

 ഇന്നലെ വീടുകളിൽ നിരീക്ഷണ പൂർത്തിയാക്കിയത്- 143 പേർ

 ആകെ നിരീക്ഷണം പൂർത്തിയാക്കിയവർ- 21,965

 നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്- 1019

 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്- 58

 ഇന്നലെ ആശുപത്രികളിൽ നിരീക്ഷത്തിലായത് - 26