കുറ്റ്യാടി: വായിക്കാൻ സമയമില്ലെന്ന് പറയുന്ന കാലത്ത് വായനയ്ക്കായി ജീവിതം മാറ്റിവെച്ച നരിക്കൂട്ടുംചാൽ എള്ളിൽ പത്മാവതി അമ്മയ്ക്ക് വേദിക വായനശാലയുടെ സ്നേഹാദരം. എഴുപത്തി മൂന്നാമത്തെ വയസിലും ചുറുചുറുക്കോടെ വായനശാലയിലെത്തി പുസ്തകം വായിക്കുക എന്നത് പത്മാവതി അമ്മയുടെ ശൈലിയാണ്. കൊവിഡ് കാലത്ത് ആറിലധികം പുസ്തകങ്ങളാണ് ഇവർ വായിച്ചു തീർത്തത്. കുട്ടികൃഷ്ണ മാരാരുടെ ഭാരത പര്യടനം, തകഴിയുടെ ജീവിതം സുന്ദരമാണ് പക്ഷേ, അക്ബർ കക്കട്ടിലിന്റെ നക്ഷത്രങ്ങളുടെ ചിരി ,പാറപ്പുറത്തിന്റെ പണി തീരാത്ത വീട് തുടങ്ങിയ പുസ്തകങ്ങൾ വായിച്ച സന്തോഷത്തിലാണ് പത്മാവതി അമ്മ. ലോക വായനാ ദിനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വേദിക വായനശാല പ്രവർത്തകർ പത്മാവതി അമ്മയെ പുസ്തകം നൽകി ആദരിച്ചു. വേദിക സെക്രട്ടറി എസ്.ജെ.സജീവ് കുമാർ പുസ്തകം കൈമാറി. ടി.സുരേഷ് ബാബു, പി.പി.ദിനേശൻ, കെ.കെ.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. തൊട്ടിൽ പാലം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ.കുട്ടികൃഷ്ണൻ, പ്രകാശൻ എന്നിവർ പത്മാവതി അമ്മയുടെ മക്കളാണ്.