ബാലുശ്ശേരി: പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾക്കായി എൻ.എസ്.എസിന്റെ 'സുരക്ഷക്കായി എൻ.എസ്.എസ് മാസ്ക് ചലഞ്ച്".
ചലഞ്ചിനായി പത്തുലക്ഷം മാസ്കുകളാണ് എൻ.എസ്.എസ് നിർമ്മിക്കുന്നത്. ലോക് ഡൗണിന് ശേഷം ആരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതാനെത്തുന്ന കുട്ടികൾക്കും അദ്ധ്യാപകർക്കുമാണ് ഹയർ സെക്കൻഡറി എൻ.എസ്.എസ് വോളണ്ടിയർമാർ മാസ്ക് നിർമ്മിക്കുന്നത്.
ചലഞ്ചിന്റെ ഭാഗമായി ജില്ലയിൽ ഒരു ലക്ഷം മാസ്കുകളാണ് നിർമ്മിക്കുന്നത്. പരിസ്ഥിതി സൗഹൃദവും വീണ്ടും ഉപയോഗിക്കാവുന്നതുമായ കോട്ടൺ തുണികൊണ്ടാണ് മാസ്ക് നിർമ്മിക്കുന്നത്. ഇതിനുള്ള തുണി കുട്ടികളും പ്രോഗ്രാം ഓഫീസറും ചേർന്ന് സംഘടിപ്പിക്കും. ഒരു വോളണ്ടിയർ വീട്ടിലിരുന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ 10 മാസ്കുകളാണ് നിർമ്മിക്കുന്നത്. ഇങ്ങനെ ഒരു യൂണിറ്റിൽ നിന്ന് 1000 മാസ്കുകൾ നിർമ്മിക്കും. ജില്ലയിലെ 13500 വോളണ്ടിയർമാർ പദ്ധതിയുടെ ഭാഗമാകും.
സ്കൂൾ അധികൃതരും പി.ടി.എയും പൊതുസമൂഹവും മികച്ച പിന്തുണയാണ് പദ്ധിക്ക് നൽകുന്നതെന്ന് എൻ.എസ്.എസ് ജില്ല കോ-ഓർഡിനേറ്റർ എസ്. ശ്രീചിത്ത് പറഞ്ഞു.