1

പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം പൊതിയാനുള്ള ഇലകളെത്തിച്ച് ജനശ്രീ മിഷൻ. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിക്കാൻ പലരും മുന്നോട്ട് വന്നപ്പോൾ ദിവസവും മുന്നൂറിലേറെ പേർക്ക് ഭക്ഷണം പൊതിയാനുള്ള വാഴ ഇല എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം ജനശ്രീ മിഷൻ ഏറ്റെടുക്കുകയായിരുന്നു. ഇലകൾ ആവശ്യമായി വന്നാൽ ജനശ്രീ യൂണിറ്റുകൾക്ക് മണ്ഡലം കൺവീനറുടെ ഫോൺ കോൾ എത്തും. വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച ഇലകൾ കൺവീനർ സ്വന്തം വാഹനത്തിൽ കമ്മ്യൂണിറ്റി കിച്ചണിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അഞ്ച് തവണകളിലായി മൂവ്വായിരത്തിലധികം ഇലകൾ ഇതുവരെ എത്തിച്ചു. ചെയർമാൻ പി.എം.അഷ്റഫ്, കൺവീനർ സബീഷ് കുന്നങ്ങോത്ത്, കെ.സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് ജനശ്രീയുടെ പ്രവർത്തനം.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പയ്യോളി ജനശ്രീ സൗജന്യമായി മാസ്ക് നിർമിച്ച് ജനശ്രദ്ധ നേടിയിരുന്നു.