ഒളവണ്ണ: മകളുടെ മെഡിക്കൽ പഠനത്തിനായി കരുതിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. ഒളവണ്ണ ചുങ്കത്ത് തുവ്വശ്ശേരി മധുസൂദനനാണ് അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്. മകൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സീറ്റ് ലഭിച്ചതിനാലാണ് തുക ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചത്. വാർഡ് മെമ്പർ വി.വിജയനുമൊത്ത് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെത്തിയാണ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് കെ.തങ്കമണിക്ക് കൈമാറിയത്. ഒളവണ്ണ ചുങ്കത്ത് എച്ച്.എം ഫുഡ് ആൻഡ് കാറ്ററിംഗ് സർവീസ് സ്ഥാപനം നടത്തുകയാണ് മധുസൂദനൻ. മകൻ ബി ടെക്കിനും മകൾ എം.ബി.ബി.എസിനും പഠിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ കഴിഞ്ഞതിൽ ഭാര്യ ഹേമയും മക്കളും സന്തുഷ്ടരാണെന്ന് മധുസൂദനൻ പറഞ്ഞു.