ബാലുശ്ശേരി: മദ്യലഹരിയിൽ മകളെ പിഡീപ്പിച്ചിരുന്ന വയലട സ്വദേശിയെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്ച വൈകിട്ടോടെ വീട്ടിൽ നിർമ്മിച്ച വാറ്റുചാരായം സുഹൃത്തുമൊത്ത് ഇയാൾ കുടിച്ചിരുന്നു. രാത്രിയോടെയാണ് മകളെ ശല്യപ്പെടുത്താൻ ശ്രമിച്ചത്.
ഇതെത്തുടർന്ന് പെൺകുട്ടിയും സഹോദരിയും അടുത്ത വീട്ടിലേക്ക് രക്ഷപ്പെട്ടു. രാവിലെയാണ് ബാലുശ്ശേരി പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസിന്റെ സഹായത്തോടെ പെൺകുട്ടികളെ വീട്ടിലെത്തിച്ച് പിതാവിനെ താക്കീത് ചെയ്തു. എന്നാൽ മൂത്തപെൺകുട്ടി വീട്ടിലേക്ക് കടക്കാതെ വിതുമ്പി കരഞ്ഞത് സംശയമുണർത്തി. തുടർന്ന് പെൺകുട്ടിയെ മാറ്റി നിറുത്തി പൊലീസ് വിവരമന്വേഷിച്ചപ്പോഴാണ് പിതാവ് മുമ്പും പീഡിപ്പിച്ചെന്ന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ബാലുശേരി സി.ഐ ജീവൻ ജോർജ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.