lock-down

കോഴിക്കോട്: ലോക്ക് ഡൗൺ ഇളവ് വന്നാലും ഹാളുകൾക്കും ഓഡിറ്റോറിയങ്ങൾക്കും ആരാധനാലയങ്ങൾക്കുമുള്ള നിയന്ത്രണം തുടരും. കൂടുതൽ പേർ ഒന്നിച്ച് കൂടാനുള്ള സാദ്ധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം നീട്ടുക. ഇതോടെ മേയിൽ നടത്താൻ നിശ്ചയിച്ച വിവാഹങ്ങളിൽ നല്ലൊരു പങ്കും മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാവും.

വിവാഹത്തിനായി മാസങ്ങൾക്കു മുമ്പുള്ള ബുക്കിംഗാണ് ഹാളുകളിലിലും വിവിധ ആരാധനാലയങ്ങളിലുമായുള്ളത്. ഇവയിൽ ബഹുഭൂരിപക്ഷവും ഇതിനിടയ്ക്ക് മാറ്റിവെച്ചു കഴിഞ്ഞു. ചുരുങ്ങിയ ആളുകളുമായി ചുരുക്കം ചില വിവാഹങ്ങൾ മാത്രമേ നടക്കുന്നുള്ളൂ.

ബുക്കിംഗ് നീട്ടാൻ നിരവധി പേർ ഹാളുകളിലേക്ക് വിളിക്കുന്നുണ്ട്. മാസങ്ങൾക്കപ്പുറത്തേക്ക് ചടങ്ങ് നീട്ടിവെച്ചാലും നിയന്ത്രണങ്ങൾ നീളുമോ എന്ന ആശങ്കയുമുണ്ട്.

മേയ് മൂന്നിന് ശേഷം കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷയിലാണ് ഹാളുകളുടെ നടത്തിപ്പുകാർ. കമ്മ്യൂണിറ്റി കിച്ചണിനായും പ്രതിരോധ പ്രവർത്തനങ്ങൾക്കായും വിട്ടു കൊടുത്ത ഹാളുകളുണ്ട് ജില്ലയിൽ. ശുചീകരണത്തിനു ൾപ്പെടെ നേരത്തെ ഹാൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യം ഇവർ ഉയർത്തുന്നുണ്ട്.

 ആശങ്ക ഒഴിയാതെ കാറ്ററിംഗ് മേഖലയും

വിവാഹങ്ങളും ആഘോഷങ്ങളും മാറ്റിവെച്ചതോടെ കാറ്ററിംഗ് മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ആളുകൾ കൂടുന്നതിനു കടുത്ത വിലക്ക് വന്നതോടെ വിവാഹം, വിവാഹനിശ്ചയം തുടങ്ങിയവയ്ക്കു പുറമെ ജന്മദിനാഘോഷം, പേരിടൽ, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളെല്ലാം ഒഴിവാക്കേണ്ടി വന്നു.
പാചകക്കാർക്കു പുറമെ വിളമ്പലുകാരടക്കം നിരവധി പേർ തൊഴിലെടുക്കുന്നുണ്ട് കാറ്ററിംഗ് മേഖലയിൽ. ഇവർക്കെല്ലാം തൊഴിലില്ലാതായി. വിവാഹമണ്ഡപം ഒരുക്കുന്നവർ, പന്തൽ, ഗായകസംഘം ഉൾപ്പെടെയുള്ളവരും വരുമാനം മുട്ടിയതോടെ പ്രതിസന്ധിയിലാണ്.