പയ്യോളി: ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ പയ്യോളി ടൗണിലെ പൊലീസുകാർക്ക് മുടങ്ങാതെ ചായ എത്തിച്ച് വ്യാപാരികൾ മാതൃകയാകുന്നു. ദേശീയപാതയിൽ ടൗണിലെ മുൻസിഫ് കോടതി കവാടത്തിന് മുന്നിൽ വാഹന പരിശോധനയ്‌ക്കെത്തുന്ന ഹോംഗാർഡ് അടക്കമുള്ള പത്ത് പൊലീസുകാർക്കാണ് പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ രാവിലെ പതിനൊന്നിന് ചായയും ലഘുഭക്ഷണവുമെത്തിക്കുന്നത്.
സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ഭാരവാഹി കൂടിയായ പയ്യോളി സൂപ്പർ മെഡിക്കൽസ് ഉടമ എം. ഫൈസലും ഐ.പി.സി റോഡിലെ പോപ്പുലർ ഗ്ലാസ് മാർട്ട് ഉടമ ജി. ഡെനിസനും ചേർന്നാണ് പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം തന്റെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാർക്ക് വീട്ടിൽ നിന്ന് ചായയുമായി വരുമ്പോഴാണ് പൊരിവെയിലത്ത് ജോലിചെയ്യുന്ന പൊലീസുകാരുടെ കഷ്ടപ്പാട് ഫൈസലിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് പൊലീസുകാർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആശയം വ്യാപാരികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്ക് വെച്ചു. വ്യാപാരി സംഘടനയുടെ പേരാമ്പ്ര റോഡ് ഏരിയ ചെയർമാൻ കൂടിയായ ഡെനിസൻ സഹായിക്കാമെന്നേറ്റതോടെ ചായ വിതരണം ഒരു മാസം പിന്നിട്ടു. ആദ്യ ഘട്ടങ്ങളിൽ വ്യാപാരികളെ കൂടാതെ നിരവധി പേർ രംഗത്തുണ്ടായിരുന്നെകിലും ലോക് ഡൗൺ നീട്ടിയതോടെ പലരും പിൻമാറി.
പയ്യോളി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസ് ഉദ്യോഗസ്ഥരോട് ചായ കൊണ്ട് വന്നാൽ സ്വീകരിക്കുമോ എന്ന ചോദിച്ചപ്പോൾ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കില്ലെങ്കിൽ ആവാം എന്ന മറുപടിയാണ് ലഭിച്ചത്. ഒപ്പം ജെ.സി.ഐ പുതിയനിരത്ത് പ്രസിഡന്റ് യു. അനൂപിന്റെ നേതൃത്വത്തിൽ ജംഗ്ഷനിലെ പൊലീസുകാർക്കുള്ള കുടിവെള്ള വിതരണവും ഒരു മാസം പിന്നിട്ടു. പയ്യോളിക്ക് കാവൽ നിൽക്കുന്ന പൊലീസിനുള്ള ബിഗ് സല്യൂട്ടായാണ് ഫൈസലും ഡെനിസണും ചായ വിതരണം ചെയ്യുന്നത്.