കോഴിക്കോട്: ലോക്ക് ഡൗൺ കഴിഞ്ഞ് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചാലും മൂന്നു മാസത്തേക്ക് കർശന നിയന്ത്രണങ്ങൾ തുടരാൻ റെയിൽവേ ബോർഡ് തീരുമാനം. പതിവ് രീതിയിലായാൽ കൊവിഡ് വ്യാപനം തടയാനാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
രാജ്യത്ത് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ ഒഴിവാക്കാനാവുമ്പോൾ മാത്രമെ ട്രെയിൻ സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവൂ എന്നാണ് സൂചന. അതല്ലെങ്കിൽ ദീർഘദൂര സർവീസുകൾ തുടങ്ങാനാവില്ല.
നിയന്ത്രണങ്ങൾ ഏതെല്ലാം വിധത്തിലായിരിക്കണമെന്ന കാര്യത്തിൽ ബോർഡ് ഇതിനിടയ്ക്ക് റെയിൽവേ സോണൽ മാനേജർമാരിൽ നിന്നു നിർദ്ദേശങ്ങൾ തേടിയിരുന്നു. ഒട്ടേറെ നിർദ്ദേശങ്ങൾ ലഭിച്ചെങ്കിലും ബോർഡിന് സ്വീകാര്യമായ നിർദ്ദേശങ്ങൾ ഇവയാണ് :
പ്ളാറ്റ് ഫോം ടിക്കറ്റുകളുടെ വിതരണം പൂർണമായും നിറുത്തുക. സ്റ്റേഷനുകളിൽ തിരക്ക് ഒഴിവാക്കുക.
ത്രീ ടയർ കമ്പാർട്ട്മെന്റിൽ മിഡിൽ ബർത്ത് അലോട്ട്മെന്റ് ഒഴിവാക്കുക.
വെയിറ്റിംഗ് ലിസ്റ്റ് തീർത്തും ഒഴിവാക്കുക.
പ്ലാറ്റ് ഫോമിൽ പ്രവേശിക്കാൻ മാസ്‌ക് നിർബന്ധമാക്കുക.
എല്ലാ യാത്രക്കാർക്കും തെർമൽ സ്ക്രീനിംഗ്.
പ്ളാറ്റ് ഫോമിൽ യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.