വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ കടകളുടെ പ്രവർത്തനസമയം ഏകീകരിച്ചു. റെഡ് സോണിലുള്ള 4,5,8 വാർഡുകളിലെ കടകൾ നിലവിലുള്ള സമയപ്രകാരം രാവിലെ എട്ട് മുതൽ രാവിലെ 11 വരെ മാത്രമേ പ്രവർത്തിക്കൂ.
കുഞ്ഞിപ്പള്ളി ടൗൺ ഒഴികെയുള്ള മറ്റ് വാർഡുകളിലെ കച്ചവട സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകി. കുഞ്ഞിപ്പള്ളി രണ്ടു വാർഡുകളിൽ ഉൾപ്പെട്ടതിനാൽ നിലവിലുള്ള ക്രമീകരണം വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയിലാണ് കുഞ്ഞിപ്പള്ളി ടൗണിനെ ഒരു യൂണിറ്റായി കണക്കാക്കി ഉച്ച ഒരു മണി വരെ എല്ലാ കടകളും പ്രവർത്തിക്കുവാൻ അനുമതി നൽകിയത്.
മേയ് മൂന്നു വരെ ഈ നിയന്ത്രണം തുടരാനാണ് പഞ്ചായത്ത് ബോർഡിന്റെ തീരുമാനം. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഷാഹുൽഹമീദ്, പൊലീസ് സബ് ഇൻസ്‌പെക്ടർ നിഖിൽ, വ്യാപാരി സംഘടനാ പ്രതിനിധികളായ പി.കെ. രാമചന്ദ്രൻ, കെ.എ. സുരേന്ദ്രൻ, അരുൺ ആരതി, ആരിഫ് അൽഹിന്ദ്, എ. രാജേന്ദ്രൻ, വി.സമീർ എന്നിവർ സംസാരിച്ചു.