കൽപ്പറ്റ: ലോക്ഡൗൺ കാലത്ത് വയനാട് ജില്ലയിലെ ഗായകർക്ക് വേണ്ടി സ്മാർട്ട് മീഡിയ എന്ന ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ഓൺലൈൻ സംഗീത മത്സരത്തിൽ മികച്ച ഗായികയായി പരിയാരം സ്വദേശിനി എം.കെ.സീനത്തും ജനപ്രിയ ഗായികയായി കാവുംമന്ദം സ്വദേശിനി ഡോ. ഇന്ദു കിഷോറും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായകരിൽ കീർത്തന തൃശ്ശിലേരി രണ്ടാം സ്ഥാനവും എം കെ കൃഷ്ണകുമാർ മൂന്നാം സ്ഥാനവും നേടി. ജനപ്രിയ ഗായകരിൽ ലിജിത പൊഴുതന രണ്ടാം സ്ഥാനവും ഹരീഷ് നമ്പ്യാർ മൂന്നാം സ്ഥാനവും നേടി. സിനിമാതാരം എസ്‌തർ അനിലാണ് വിജയികളെ പ്രഖ്യാപിച്ചത്. നൂറിലധികം പേർ മത്സരത്തിൽ പങ്കെടുത്തു.

ചെമ്പൈ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം പൂർത്തിയാക്കിയ മുട്ടിൽ പരിയാരം സ്വദേശിനിയായ സീനത്ത്
കോഴിക്കോട് കൊളത്തറയിലുള്ള കാലിക്കറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഹാന്റികാപ്ഡിൽ സംഗീത അദ്ധ്യാപികയും ആകാശവാണി ബി ഗ്രേഡ് ആർട്ടിസ്റ്റുമാണ്.

ഡോ. ഇന്ദു കിഷോർ മുണ്ടക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. കിഷോർകുമാറിന്റെ ഭാര്യയാണ്.