ele

കൽപ്പറ്റ: ആർക്കും വേണ്ടാതിരുന്ന ചക്കയ്‌ക്ക് ലോക്ക് ഡൗൺ കാലം സമ്മാനിച്ചത് ശുക്രദശ. പച്ചക്കറികൾക്കുപ്പെടെ തീവിലയായതോടെ ചക്കപ്രിയം തിരിച്ചുവരികയായിരുന്നു. വയനാട്ടിലാണെങ്കിൽ മനുഷ്യർക്കൊപ്പം കാട്ടാനകളും ചക്കയ്‌ക്കായുള്ള പാച്ചിലിലാണ്.

എപ്പോഴും ചക്കപ്രിയരാണ് കാട്ടാനകൾ. വനാന്തരങ്ങളിൽ ചക്ക സീസൺ പടിയിറങ്ങിയതോടെയാണ് കാട്ടാനകൾക്ക് നെട്ടോട്ടത്തിലായത്. നാട്ടിൽ ചക്ക സീസണായതിനാൽ കാട്ടാനകൾ ആനത്താര വഴി കൂട്ടം കൂട്ടമായി കാടിറങ്ങുകയാണ്. പഴുത്ത ചക്ക തന്നെയാണ് ആനകൾക്ക് ഏറെ പ്രിയം.

സന്ധ്യയോടെയാണ് ചക്ക തേടി ആനക്കൂട്ടത്തിന്റെ വരവ്. പിന്നെ എല്ലാം നിരപ്പാക്കിയിട്ടേ കാട് കയറുകയുള്ളൂ. ശല്യം കൂടിയതോടെ പലയിടത്തും കർഷകർ പല വിധത്തിലായി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുകയാണ്. തമിഴ്നാട്, കർണാടക വന മേഖലയിൽ ചൂട് കൂടിയതോടെ വെള്ളവും തീറ്റയും കുറയുമ്പോൾ കൂട്ടത്തോടെയാണ് കാട്ടാനകളുൾപ്പെടെ വയനാടൻ വനത്തിലെത്തുന്നത്.

ആളുകളുടെ സഞ്ചാരം പേരിനായതോടെ നടുറോഡിൽ പോലും വന്യമൃഗങ്ങളാണിപ്പോൾ. ചക്ക തേടി കാടിറങ്ങുന്ന കാട്ടാനകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വനാതിർത്തിയിലെ കർഷകർ. പ‌ടക്കം പൊട്ടിച്ചും തകരപ്പാട്ട കൊട്ടിയും മറ്റും കാട്ടാനകളെ തുരത്താറാണ് പതിവ്.