കോഴിക്കോട്: തുടർച്ചയായി അഞ്ചാം ദിവസവും കൊവിഡ് കേസ് ഒഴിഞ്ഞപ്പോൾ കോഴിക്കോടിന് കൂടുതൽ ആശ്വാസം. ഏറ്റവുമൊടുവിൽ രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തത് 23 നായിരുന്നു; അഗതിയായ തമിഴ്നാട്ടുകാരനും ഒരു അഴിയൂർ സ്വദേശിക്കും. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ 33 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പിന്നിട്ടവരുടെ എണ്ണം 21,998 ആയി. സംസ്ഥാനത്ത് ഇതിനകം ഏറ്റവും കൂടുതൽ പേർ നിരീക്ഷണം പൂർത്തിയാക്കിയത് കോഴിക്കോട് ജില്ലയിലാണ്. ഇപ്പോൾ 1021 പേർ മാത്രമാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഇന്നലെ പുതുതായി വന്ന 16 പേർ ഉൾപ്പെടെ 53 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്.
ഇന്നലെ 44 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 927 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 868 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 838 എണ്ണം നെഗറ്റീവ് ആണ്. 59 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇപ്പോൾ 7 കോഴിക്കോട് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയുമാണ് പോസിറ്റീവായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ജില്ലയിലെ കൊവിഡ് വ്യാപനം പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ തിരുവള്ളൂരിൽ നിന്നു 10 സ്രവ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ ഇന്നലെ 39 പേർക്ക് കൗൺസലിംഗ് നൽകി. 3194 സന്നദ്ധസേന പ്രവർത്തകർ 10,688 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. കോടഞ്ചേരി, ഓമശ്ശേരി പ്രദേശങ്ങളിൽ മൈക്ക് പ്രചാരണവുമുണ്ടായിരുന്നു.
ചികിത്സയിലുള്ളത്
കോഴിക്കോട്ടുകാർ 7
കണ്ണൂർ സ്വദേശി 1