covid-ward

കോഴിക്കോട്: മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് കെയർ സെന്ററുകൾക്കുള്ള കെട്ടിടങ്ങൾ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ സൗകര്യങ്ങളില്ലാത്തവരെ ഇത്തരം സെന്ററുകളിലേക്ക് മാറ്റുമെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലയിലെ എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കളക്ടർ അറിയിച്ചു.

മറ്റ് സ്ഥലങ്ങളിൽ നിന്ന് മാംസത്തിനായി കാലികളെ കൊണ്ടുവരുന്നതിനും അവശിഷ്ടങ്ങൾ കൊണ്ടു പോകുന്നതിനും തടസങ്ങളുണ്ടാകില്ല. ദുരന്ത നിവാരണം, കുടിവെള്ള വിതരണം, വരൾച്ചാ ദുരിതാശ്വാസം, അഴുക്കുചാൽ നിർമ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് നിയന്ത്രണങ്ങളില്ല. ഓടു വ്യവസായവുമായി ബന്ധപ്പെട്ട് ലൈസൻസുള്ളവർക്ക് കളിമണ്ണ് ശേഖരിക്കാം. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടി ഡി.എം.ഒ സ്വീകരിക്കും. കെ. ദാസൻ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് ആംബുലൻസ് വാങ്ങാനുള്ള ഭരണാനുമതി ഉടൻ നൽകും. പരമ്പരാഗത മത്സ്യബന്ധനത്തിനും തടസമില്ല. വള്ളങ്ങൾ ഫിഷ് ലാൻഡിംഗ് സെന്ററുകളിലോ ഹാർബറുകളിലോ അടുക്കാം. സാമൂഹിക അകലം പാലിച്ച് മത്സ്യവില്പനയും നടത്താം.

കൊപ്ര സംഭരണത്തിനും വ്യാപാരത്തിനും തടസങ്ങളുണ്ടാവില്ല. ഹോട്ട് സ്‌പോട്ടുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ അനുവദിക്കും. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടറും മെഡിക്കൽ ഓഫീസറും താമരശേരി താലൂക്ക് ആശുപത്രി സന്ദർശിക്കും. അന്തർസംസ്ഥാന - ജില്ല യാത്രകൾക്ക് സർക്കാർ ഉത്തരവ് പ്രകാരം പാസ് അനുവദിക്കും. ഫറോക്കിലെ കോയാസ് ഹോസ്‌പിറ്റൽ കൊവിഡ് കെയർ സെന്ററാക്കാൻ സജ്ജമാണെന്ന് വി.കെ.സി. മമ്മദ്‌കോയ എം.എൽ.എ അറിയിച്ചു. ഭരണാനുമതിയായിട്ടുള്ള പ്രവൃത്തികൾ തുടരാൻ കഴിയണമെന്ന് പി.ടി.എ. റഹിം എം.എൽ.എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ കാലാവധി ദീർഘിപ്പിക്കണമെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ ആവശ്യപ്പെട്ടു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ തിരക്ക് ക്രമാതീതമാകുന്നതായും ഇത് നിയന്ത്രിക്കാൻ സി.എച്ച്.സി, പി.എച്ച്.സികളിൽ

സൗകര്യങ്ങൾ മെച്ചപ്പെടുത്തി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് സി.കെ. നാണു എം.എൽ.എ ആവശ്യപ്പെട്ടു.