കൽപ്പറ്റ: കോവിഡ് ഭീതിയിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യ ദിനങ്ങളിൽ ഏറ്റവുമധികം മാനസീക സമ്മർദ്ദം അനുഭവിച്ചത് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും അവരുടെ രക്ഷിതാക്കളുമായിരിക്കും. സ്‌ക്കൂളുകൾ പെട്ടന്ന് അടച്ചതും തെറാപ്പികളും മറ്റ് പരിശീലന പ്രവർത്തനങ്ങളും നിർത്തിയതും ഭിന്നശേഷിക്കാരായ കുട്ടികളിലും രക്ഷിതാക്കളിലും ഏറെ മാനസിക പ്രശ്നങ്ങളുണ്ടാക്കി. ഇത്തരം കുട്ടികൾക്കും മാതാപിതാക്കൾക്കും ആശ്വസമാകുകയാണ് ബഡ്സ് സ്‌കുളുകളുടെ നേതൃത്വത്തിൽ വയനാട് കുടുംബശ്രീ മിഷൻ ആരംഭിച്ച ഓൺലൈൻ സപ്പോർട്ട് സെൽ.
സേവനങ്ങൾ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ബഡ്സ് സ്ഥാപനങ്ങളുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ ബഡ്സ് സ്‌ക്കൂളിലും ഓൺലൈൻ സപ്പോർട്ട് സെൽ രൂപീകരിച്ചു. ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാർക്ക് ആവശ്യമായ സേവനങ്ങൾ, മനശാസ്ത്ര വിദഗ്ധരുടെ സഹായം, പാഠ്യ പ്രവർത്തനങ്ങൾ എന്നിവ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് നിർവഹിക്കുകയാണ് ഓൺലൈൻ സപ്പോർട്ട് സെല്ലുകൾ.
ജില്ലയിൽ ആകെ 11 ബഡ്സ് സ്‌കൂളുകളിലായി 247 കുട്ടികളാണ് പഠിക്കുന്നത്. ലോക് ഡൗൺ ആരംഭിച്ച മാർച്ച് 24 മുതൽ ബഡ്സ് സ്‌കൂൾ അദ്ധ്യാപകർ വഴി വ്യത്യസ്ത ചലഞ്ചുകൾ നൽകി കുട്ടികളെ സജീവമാക്കുകയാണ്.
രക്ഷാകർത്താക്കളുടെ നേതൃത്വത്തിൽ കുട്ടികൾ ചലഞ്ചുകൾ പൂർത്തിയാക്കുന്നു. ഇതിന്റെ ഫോട്ടോ, വീഡിയോ അല്ലെങ്കിൽ ശബ്ദസന്ദേശം എന്നിവ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു. എംബോസ് പെയ്ന്റിംഗ്, ചിത്രരചന, ഫോട്ടോഗ്രാഫി മത്സരവും പരിശീലനവും, ഫോട്ടോ അടിക്കുറിപ്പ് മത്സരം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ഗൃഹാലങ്കാരം, പാട്ട് മത്സരം, ജീവജലം പറവകൾക്ക്, അടുക്കളയിലെ അമ്മ, പേപ്പർക്രാഫ്റ്റ്, കവിതാലാപനം, കഥഅവതരണം, കഥ, കവിത എന്നിങ്ങനെയുള്ള വിവിധ ചലഞ്ചുകളാണ് പൂർത്തിയാക്കിയത്.
രക്ഷിതാക്കൾക്ക് ഫോൺ മുഖേന അദ്ധ്യാപകരും ഈ മേഖലയിലെ വിദഗ്ധരുമായി ആശയ വിനിമയം നടത്താനുമാകും. ഇത്തരം കുട്ടികൾക്ക് വീടുകളിൽ തന്നെ ഇരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന സ്വഭാവ, പെരുമാറ്റ പ്രശ്നങ്ങൾക്കുള്ള പരിഹാര നിർദ്ദേശങ്ങളും, പരിചരണത്തിൽ രക്ഷാകർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മറ്റ് സംശയ നിവാരണങ്ങളുമടക്കം വിദഗ്ധ സഹായമാണ് രക്ഷകർത്താക്കൾക്ക് ഈ സപ്പോർട്ട് സെല്ലിലൂടെ ലഭ്യമാകുന്നതെന്ന് ജില്ലാ മിഷൻ കോഓർഡിനേറ്റർ പി സാജിത പറഞ്ഞു.