കൽപ്പറ്റ: കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ ബോധവൽക്കരിക്കുന്നതിന് ഫുട്‌ബോൾ മത്സരങ്ങളിൽ പരിചിതമായ മഞ്ഞകാർഡുമായി ജില്ലാ സ്‌പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റും ചൈൽഡ്‌ലൈനും. കോവിഡ് നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കാണ് മഞ്ഞകാർഡ് നൽകുക. കോവിഡ് സംബന്ധിച്ച് പൊതുസമൂഹം സ്വീകരിക്കേണ്ട മുൻകരുതലുകളും മുന്നറിയിപ്പും ഉൾപ്പെടുത്തിയാണ് കാർഡ് രൂപപ്പെടുത്തിയിട്ടുളളത്.

വിവിധ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഇവ വിതരണം ചെയ്യും. ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമ്പോൾ ആളുകൾ അശ്രദ്ധമായി സമൂഹത്തിലിടപെടുന്നതും നിർദ്ദേശങ്ങൾ അവഗണിക്കുന്നതിനും സാധ്യതയുണ്ട്. ജാഗ്രതാ നിർദ്ദേശങ്ങൾ ഓർമ്മപ്പെടുത്തുന്നതിനാണ് ബോധവൽകരണ പരിപാടി. കാർഡിൽ ചിത്രകലാ അദ്ധ്യാപകനായ എൻ.ടി.രാജീവിന്റെ കാർട്ടൂൺ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണ പൊതി നൽകും
കൽപ്പറ്റ: സാമൂഹ്യ അടുക്കള വഴി വയനാട് ഹാരിസൺ മലയാളം ലിമിറ്റഡ് ദിവസവും 780 ഉച്ച ഭക്ഷണപൊതികൾ വിതരണം ചെയ്യും. കുടുംബശ്രി മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന സാമൂഹ്യ അടുക്കള വഴിയാണ് ഇവ ആവശ്യക്കാർക്ക് സൗജന്യമായി നൽകുക. ആദ്യഘട്ടത്തിൽ 15 ദിവസത്തേക്ക് വിതരണം ചെയ്യും. ഇതിനായി 2.25 ലക്ഷം രൂപ ചെലവിടും. ഇത് സംബന്ധിച്ച നിർദേശം ഹാരിസൺ മലയാളം ലിമിറ്റഡ് വയനാട് വാലി ജനറൽ മാനേജർ ബെനിൽ ജോൺ ജില്ലാ കളക്ടർക്ക് കൈമാറി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സാജിത, ഡെപ്യൂട്ടി പേഴ്സണൽ മാനേജർ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

വൈദ്യതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ ആനപ്പാറ,നാഗത്തിങ്കൽ, അരമ്പറ്റക്കുന്ന്, കുഴിവയൽ, കുപ്പാടിത്തറ, ചെമ്പകച്ചാൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ പിണങ്ങോട് മുക്ക്, പന്നിയോറ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ പടിക്കാംവയൽ, ചുണ്ടക്കുന്ന്, കരിമ്പുമ്മൽ, അടയാട്ട്, മൂലവയൽ, ചെറുകാട്ടൂർ, കണ്ണാടിമുക്ക്, കൈതക്കൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കോഴി വിലകൂട്ടി വിറ്റതിന്
പിഴ ഈടാക്കി
സുൽത്താൻ ബത്തേരി: ബത്തേരി ടൗണിൽ കോഴിയിറച്ചിക്ക് ജില്ലാ ഭരണകൂടം നിശ്ചയിച്ചതിലും കൂടുതൽ വില ഈടാക്കിയ രണ്ട് വ്യാപാരികൾക്കെതിരെ നടപടി സ്വീകരിച്ചു. പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയപ രിശോധനയിലാണ് നടപടി. പിഴ ഇനത്തിൽ വ്യാപാരികളിൽ നിന്ന് 5000 രൂപ ഈടാക്കി. ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർ പി.വി ജയപ്രകാശ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ബിനിൽ കുമാർ, നയന പുരുഷോത്തമൻ, ലീഗൽ മെട്രോളജി ഇൻസപെക്ടർ ഫിറോസ്, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരായ റെനീഷ്, മുഹമ്മദ്, ബീരാൻകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.