കോവിഡ് കെയർ സെന്ററിനായി 4500 റൂമുകൾ

ജില്ലയിലേക്ക് വരാൻ 80 പേർ രജിസ്റ്റർ ചെയ്തു

മാസ്‌ക്കുകൾ ധരിക്കാത്തവർക്ക് പിഴ

കൽപ്പറ്റ: ജില്ലയിൽ ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് പൊതു ഇടങ്ങളിൽ ആളുകൾ കൂടുതൽ ഇടപ്പെടുന്ന സാഹചര്യത്തിൽ സാമ്പിൾ പരിശോധന ഊർജ്ജിതമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള പറഞ്ഞു. സാമ്പിൾ പരിശോധനയുടെ എണ്ണം വർദ്ധിപ്പിച്ചാൽ മാത്രമേ സാമൂഹത്തിൽ എത്ര കേസുകളുണ്ടെന്ന കാര്യം വ്യക്തമാകുകയുളളു.

സാധാരണ പരിശോധനയുടെ ഭാഗമായി 355 സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ 338 എണ്ണത്തിന്റെ ഫലം ലഭിച്ചു.
സാമൂഹിക വ്യാപനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുളള റാൻഡം സാമ്പിൾ പരിശോധനയും ജില്ലയിൽ പുരോഗമിക്കുന്നുണ്ട്. പൂതാടി, മുളളൻകൊല്ലി, കണിയാമ്പറ്റ പഞ്ചായത്തുകളിൽ നിന്നായി 170 സാമ്പിളുകൾ ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളുമായി സമ്പർക്കം പുലർത്തിയത് 4 എണ്ണം, ആശുപത്രി ജീവനക്കാർ12, ഫീൽഡിൽ പ്രവർത്തിച്ച ജീവനക്കാർ17, മുതിർന്ന പൗരൻമാർ 5, അന്തർ സംസ്ഥാന യാത്രക്കാർ 10, ഗർഭിണികൾ 5 മറ്റുളളവർ – 117 എന്നിങ്ങനെയാണ് സാമ്പിൾ ശേഖരിച്ചത്. ഇവ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

ആരോഗ്യ, പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സാമ്പിളുകളും ഇതുപോലെ ശേഖരിക്കുന്നുണ്ട്. ദിവസം 45 സാമ്പിളുകളാണ് ശേഖരിക്കുക. ഒരു പഞ്ചായത്തിൽ നിന്ന് 15 പേരുടെ വീതം സാമ്പിളുകൾ എടുക്കും. 142 സാമ്പിളുകൾ ഇതുവരെ എടുത്തിട്ടുണ്ട്. 67 എണ്ണം പരിശോധനയ്ക്കായി അയച്ചു കഴിഞ്ഞു. ബാക്കിയുളളവ ഇന്ന് അയയ്ക്കും. 150 സാമ്പിളുകൾ കൂടി ഈ ആഴ്ച്ച ഇത്തരത്തിൽ ശേഖരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കോവിഡ് കെയർ സെന്ററിനായി ജില്ലയിൽ 2500 മുറികൾ കൂടി ലഭ്യമായതായി ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ ജില്ലയിൽ 4500 റൂമുകൾ സജ്ജമാണ്. നേരത്തെ 135 ഇടങ്ങളിലായി 1960 മുറികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എൺപതോളം പേർ ജില്ലയിലേക്ക് വരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ എത്തുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം ഏർപ്പെടുത്തും. അതിർത്തിയിൽ ജാഗ്രത ശക്തിപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ അറിയിച്ചു.

മാസ്‌ക്കുകൾ ധരിക്കാത്തവർക്കെതിരെ പിഴ ചുമത്തും
ജില്ലയിൽ മാസ്‌ക്കുകൾ ധരിക്കാതെ പൊതു ഇടങ്ങളിൽ ഇറങ്ങുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ അറിയിച്ചു. ഇത്തരക്കാർത്തിരെ നിയമാനുസൃതമായ കനത്ത പിഴ ചുമത്തും. റേഷൻകടകൾ,മെഡിക്കൽ സ്റ്റോർ എന്നിവടങ്ങളിലെ ജോലിക്കാരും നിർബന്ധമായും മാസ്‌ക്ക് ധരിക്കണം.

153 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിഞ്ഞ 153 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കിയവരുടെ എണ്ണം 13073 ആയി. തിങ്കളാഴ്ച പുതുതായി 26 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 851 പേരാണ്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 9 ആണ്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 525 സാമ്പിളുകളിൽ 338 എണ്ണത്തിന്റെ ഫലം ലഭിച്ചു. 335 എണ്ണം നെഗറ്റീവാണ്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 2361 വാഹനങ്ങളിലായി എത്തിയ 3784 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.