കുറ്റ്യാടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്‌ക് വിതരണം ചെയ്‌തും സാനിറ്റൈസർ നൽകിയും മാതൃകാഅദ്ധ്യാപകൻ. കുറ്റ്യാടി എം.ഐ.യു.പി സ്‌കൂൾ സീനിയർ അദ്ധ്യാപകൻ ജമാൽ കുറ്റ്യാടിയാണ് ആരോഗ്യപ്രവർത്തകർക്ക് മാസ്‌കുകളും സാനിറ്റൈസറും നൽകുന്നത്.
ടൗണിലെ സൂപ്പർ മാർക്കറ്റുകൾക്ക് മുന്നിലെത്തിയ ആളുകളെ സാനിറ്റൈസറിൽ കൈകഴുകിക്കുകയും മാസ്‌ക് വിതരണം നടത്തുകയും ചെയ്തു. വാഹന യാത്രക്കാർക്കും മാസ്‌കും സാനിറ്റൈസറും നൽകി. കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ നൽകിയ മാസ്‌കുകൾ എസ്.ഐ പി. റഫീഖ് ഏറ്റുവാങ്ങി. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് പി.കെ. ഷാജഹാൻ ഏറ്റുവാങ്ങി. എം.ഐ.യു.പി സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി വി.സി. കുഞ്ഞബ്ദുല്ല, പി.ടി.എ പ്രസിഡന്റ് കെ.പി. റഷീദ്, വൈസ് പ്രസിഡന്റ് പി. പ്രമോദ് കുമാർ, അംഗം വി.കെ. റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.