azhiyur

വടകര: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് ഒരുക്കി മാതൃകയാവുകയാണ് അഴിയൂരിലെ സന്നദ്ധ സേന വളണ്ടിയർമാർ.17 ദിവസമായി അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന പായ്ക്കിംഗ് പ്രവൃത്തിയിൽ അഴിയൂർ ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത പതിനൊന്നോളം വളണ്ടിയർ സജീവമാണ്. മുക്കാളി, അഴിയൂർ മാവേലി സ്റ്റോറുകളിലെ ജിവനക്കാരുടെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശമനുസരിച്ച് സമയം മറന്നുള്ള സന്നദ്ധ സേവനം. ദിവസവും രാവിലെ 10 മണിക്ക് തുടങ്ങുന്ന പാക്കിംഗ് വൈകീട്ട് ആറുവരെ നീളും. ഇതുവരെ 2500 കിറ്റുകൾ പാക്കിംഗ് ചെയ്ത് റേഷൻ കടകളിൽ വിതരണത്തിന് എത്തിച്ചു കഴിഞ്ഞു. അഴിയൂർ മാവേലി സ്റ്റോർ മാനേജർ സി.എച്ച്. സുരേന്ദ്രൻ, മുക്കാളി മാവേലി സ്റ്റോർ മാനേജർ ആർ.എൻ. രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് പാക്കിംഗ് നടക്കുന്നത്.