covid-19

വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലയിൽ നിന്നുള്ള 10 പേരുടെ പരിശോധനാഫലം നെഗറ്റിവാണെന്ന് കണ്ടെത്തിയതോടെ സമൂഹവ്യാപനമില്ലെന്ന് ഉറപ്പായി. 4,5,8 വാർഡുകൾ പൂർണമായും അടച്ചിട്ട നിലയിൽ തുടരുകയാണ്. ഇവിടങ്ങളിൽ നിലവിലുള്ള സമയപ്രകാരം രാവിലെ 8 മണി മുതൽ 11 മണി വരെ മൂന്നു മണിക്കൂർ മാത്രമെ കടകൾ പ്രവർത്തിക്കൂ. മറ്റിടങ്ങളിൽ ചെറിയ ഇളവ് അനുവദിക്കാൻ പഞ്ചായത്തിൽ ചേർന്ന യോഗം തിരുമാനിച്ചു. ഉച്ചയ്ക്ക് 2 മണി വരെ മറ്റു വാർഡുകളിൽ കടകളുണ്ടാവും. കുഞ്ഞിപ്പള്ളി ടൗണിനെ ഒരു യൂണിറ്റായി കണക്കാക്കി ഉച്ചയ്ക്ക് ഒരു മണി വരെ എല്ലാ കടകൾക്കും തുറക്കാനും അനുമതി നൽകി. കുഞ്ഞിപ്പള്ളി രണ്ടു വാർഡുകളിൽ ഉൾപ്പെട്ടതിനാലാണ് ഈ ക്രമീകരണം. മേയ് 3 വരെ ഈ നിയന്ത്രണം തുടരും.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, പൊലീസ് സബ് ഇൻസ്പെക്ടർ നിഖിൽ, വ്യാപാരി സംഘടനാ പ്രതിനിധികളായ പി.കെ. രാമചന്ദ്രൻ, കെ.എ. സുരേന്ദ്രൻ, അരുൺ ആരതി, ആരിഫ് അൽഹിന്ദ്, എ.രാജേന്ദ്രൻ, വി.സമീർ എന്നിവർ സംസാരിച്ചു.