joy

മാനന്തവാടി: ദുബൈയിൽ കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ച പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിംഗ് ആൻഡ് ട്രേഡിംഗ് കമ്പനി എം.ഡി യുമായ ജോയി അറക്കലിന്റെ മൃതദേഹം ഇന്നോ നാളെയോ നാട്ടിലെത്തിക്കും. മരണവുമായി ബന്ധപ്പെട്ട് ചില സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും നിറം പിടിപ്പിച്ച നുണകളാണെന്ന് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വ്യക്തമാക്കി. നല്ല നിലയിൽ ബിസിനസ് വളർത്തി സ്വന്തം നാട്ടിലെന്ന പോലെ മറ്റിടങ്ങളിലും ജനങ്ങളുടെ മനസിൽ ഇടം നേടിയ ജോയി അറക്കൽ വളഞ്ഞ വഴിയിൽ ഒന്നും നേടിയിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ജോയി അറക്കൽ ഏറെ ശ്രദ്ധേയനായിരുന്നു.

വില കുറഞ്ഞ പബ്ലിസിറ്റിയ്ക്ക് വേണ്ടി ആരെയും എന്തും പറയാമെന്ന് കരുതുന്ന ഇത്തരക്കാരെ ജനം തിരിച്ചറിയണം. കഠിനാദ്ധ്വാനത്തോടെ എല്ലാ നിയമങ്ങളും അനുസരിച്ച് ലൈസൻസോടു കൂടി മാത്രമാണ് ഓയിൽ ട്രേഡിംഗ് ബിസിനസ് തുടങ്ങിയത്. ഇരുപത് വർഷത്തോളമായി മണലാരണ്യത്തിൽ രാപകലില്ലാതെ കഷ്ടപ്പെട്ട് നേടിയ പണം കൊണ്ടാണ് ജോയി വീട് വെച്ചതും നാട്ടുകാരെ സഹായിച്ചതും. സത്യസന്ധമായി ബിസിനസ് നടത്തിവന്ന അദ്ദേഹത്തെ കുറിച്ച് നുണപ്രചാരണം നടത്തുന്നത് വേദനാജനകമാണ്. ഊഹാപോഹങ്ങളും കെട്ടുകഥകളും ഉണ്ടാക്കി ലൈക്കും ഷെയറും കൂട്ടാനും സാമ്പത്തിക ലാഭം ഉണ്ടാക്കാനും ശ്രമിക്കുന്നത് മഹാകഷ്ടമാണ്. യാഥാർത്ഥ്യവുമായി പുലബന്ധവുമില്ലാത്ത വാർത്തകളാണ് പുറത്ത് വരുന്നത്. നിലവിൽ ഇന്ത്യയിലോ വിദേശത്തോ ഒരു കേസ് പോലും ജോയിയുടെ പേരിലില്ല. അദ്ദേഹത്തിന്റെ എല്ലാ കമ്പനികളും നിയമപരമായി മാത്രമാണ് നടന്നുവരുന്നത്. ഊഹാപോഹങ്ങളോടെ പരസ്പര വിരുദ്ധമായി വാർത്തകൾ പ്രചരിപ്പിക്കുന്നത് ആ നല്ല മനുഷ്യന്റെ വേർപാട് താങ്ങാനാവാതെ പകച്ചു നിൽക്കുന്ന കുടുംബാഗങ്ങളെ ഇനിയും വേദനിപ്പിക്കുന്നതിന് തുല്യമാണെന്നു അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. ഒരു തെളിവും ഹാജരാക്കാൻ കഴിയാതെ ആരോ എന്തോ പറയുന്നു എന്ന് പറഞ്ഞ് പുറത്ത് വരുന്ന വാർത്തകൾ അവഗണിക്കണമെന്നും കുടുംബവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.