കോഴക്കോട്: കോവിഡ് -19നെ പ്രതിരോധിക്കാൻ 'ബ്രേക്ക് ദ ചെയിൻ' കാംപയിനിന്റെ ഭാഗമായി നാടൊട്ടുക്കും കൈകഴുകാനായി സ്ഥാപിച്ച കയോസ്കുകളിൽ പകുതിയിലും വെള്ളമില്ല. ലോക്ക് ഡൗണിന് മുമ്പാണ് വിവിധ രാഷ്ട്രീയ -സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി സർക്കാർ- സർക്കാർ ഇതര സ്ഥാപനങ്ങളും വ്യക്തികളും പൊലീസ് സ്‌റ്റേഷനുകൾ, സൂപ്പർ മാർക്കറ്റുകൾ, ബസ്‌സ്റ്റാൻഡുകൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം കയോസ്കുകൾ സ്ഥാപിച്ചത്. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ കയോസ്കുകൾ നോക്കുകുത്തിയായി.
സർക്കാർ നിർദ്ദേശം പ്രഹസനമായി
വെള്ളമില്ലാത്തതിനാൽ അത്യാവശ്യം പുറത്തിറങ്ങുന്നവർ കൈ കഴുകാൻ വട്ടംകറങ്ങുകയാണ്. സൂപ്പർ മാർക്കറ്റുകൾക്കും ബസ്‌സ്റ്റാൻഡുകൾക്ക് മുമ്പിലും സ്ഥാപിച്ച കയോസ്കുകൾ വരണ്ടിരിക്കുന്നു. കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് സാനിറ്റൈസറോ, കൈകഴുകാനുള്ള സംവിധാനമോ ഒരുക്കണമെന്ന നിർദ്ദേശം പലരും അവഗണിച്ചു. മാർക്കറ്റുകൾക്ക് സമീപം കൈകഴുകാൻ സംവിധാനം ഒരുക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. നഗരത്തിലെ മുക്കിലും മൂലയിലും വരെ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയവർക്ക് ഇപ്പോൾ മൗനമാണ്.
പണത്തിനൊപ്പം സാനിറ്റൈസറും
നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി എ.ടി.എം കൗണ്ടറുകളിൽ വെച്ച സാനിറ്റൈസറുകൾ മോഷ്ടിക്കപ്പെടുകയാണ്. എ.ടി.എമ്മിൽ എത്തുന്നവർ പണം പിൻവലിച്ചു പോകുമ്പോൾ സാനിറ്ററുകൾ എടുത്തു പോവുന്ന സ്ഥിതിയാണ്. അതിനാൽ ഭൂരിഭാഗം എ.ടി.എമ്മുകളിലും സാനിറ്റൈസറുകളില്ല.