a

പേരാമ്പ്ര: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പത്ത് സാംബവ കുടുംബങ്ങൾ താമസിക്കുന്ന പുലപ്രക്കുന്ന് കോളനിയിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ആയുർവേദ പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. കോളനിയിലെ കുടുംബങ്ങളുടെ പ്രതിനിധി രതീഷ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീനയിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി. വാർഡ് മെമ്പർ ഇ. ശ്രീജയ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂസഫ് കോറോത്ത്, പഞ്ചായത്ത് അംഗങ്ങളായ എൻ.എം.ദാമോദരൻ, ഉഷ കുറ്റിക്കാട്ടിൽ എന്നിവർ പങ്കെടുത്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ദിവ്യശ്രീ എൻ.ജി സ്വാഗതം പറഞ്ഞു.
ആവള മാനവ കലാവേദി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 3 ാം വാർഡിൽ മുഖാവരണങ്ങൾ നിർമ്മിച്ചു നൽകി. മാനവയിൽ നടന്ന ചടങ്ങിൽ കലാവേദി ഭാരവാഹികളിൽ നിന്ന് ഗ്രാമപഞ്ചായത്തംഗം ബി.ബി. ബിനീഷ് ഏറ്റുവാങ്ങി. കെ.അപ്പുക്കുട്ടി, പി.സി.കുഞ്ഞമ്മദ്, പി.പി.രാജൻ, എം.പി.ശ്രീധരൻ എന്നിവർ സംബന്ധിച്ചു.
ആവള ബ്രദേഴ്സ് കലാസമിതി ഡയാലിസിസ് രോഗിക്ക് മരുന്ന് നൽകി. നാലു മാസത്തേക്കുള്ള മരുന്ന് ഡോ.ബാസിതിന് കൈമാറി. കലാസമിതി പ്രസിഡന്റ് രജീഷ് കണ്ടോത്ത്, സെക്രട്ടറി ഷാനവാസ് കൈവേലി, മെമ്പർമാരായ എം.കുഞ്ഞമ്മത്, വി.സി.ശ്രീജിത് എന്നിവർ സംബന്ധിച്ചു.